രാജ്യത്തെ കൊവിഡ് പ്രതിസന്ധിയില്‍ സ്വമേധയാ എടുത്ത കേസ് സുപ്രിംകോടതി ഇന്ന് പരിഗണിക്കും. കൊവിഡ് വാക്സിന്റെ വ്യത്യസ്ത വിലകളില്‍ കേന്ദ്രസര്‍ക്കാരിന്റെ നയം കോടതി പരിശോധിക്കും. ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച്, രാജ്യത്തെ ഓക്സിജന്‍ ലഭ്യത അടക്കം വിലയിരുത്തും. കേന്ദ്രസര്‍ക്കാര്‍ ഇന്ന് നിലപാട് അറിയിക്കണമെന്ന് കോടതി നിര്‍ദേശമുണ്ട്.
വിവിധ വാക്സിന്‍ ഉല്‍പാദകര്‍ വ്യത്യസ്ത വിലകള്‍ ഈടാക്കുന്നതിന്റെ യുക്തി തന്നെയായിരിക്കും ജസ്റ്റിസുമാരായ ഡി.വൈ. ചന്ദ്രചൂഡ്, എല്‍. നാഗേശ്വര റാവു, എസ്. രവീന്ദ്ര ഭട്ട് എന്നിവരടങ്ങിയ ബെഞ്ച് പരിശോധിക്കുക. വില നിര്‍ണയിക്കാന്‍ അവലംബിച്ച യുക്തിയും മാര്‍ഗവും വ്യക്തമാക്കണമെന്ന് കഴിഞ്ഞ തവണ കോടതി കേന്ദ്ര സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. രാജ്യത്തിന്റെ വാക്സിന്‍ ആവശ്യകത എത്രയെന്ന് അറിയിക്കാനും നിര്‍ദേശമുണ്ട്.
സുപ്രിംകോടതി വിമര്‍ശനം വന്നതിന്റെ അടുത്ത ദിവസങ്ങളില്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്ന കൊവാക്സിന്‍, കൊവിഷീല്‍ഡ് വാക്സിന്‍ ഡോസുകളുടെ വില കുറച്ചിരുന്നു. കൊവാക്സിന്‍ അറുനൂറില്‍ നിന്ന് നാനൂറ് രൂപയായും, കൊവിഷീല്‍ഡ് നാനൂറില്‍ നിന്ന് മുന്നൂറ് രൂപയുമായാണ് കുറച്ചത്. എന്നാല്‍, കേന്ദ്ര സര്‍ക്കാരിനും, സ്വകാര്യ ആശുപത്രികള്‍ക്കും നല്‍കുന്ന വിലയില്‍ മാറ്റമില്ല.
കേന്ദ്ര സര്‍ക്കാരിന്റെ വാക്സിന്‍ നയത്തിനെതിരെ പ്രതിപക്ഷവും, കേരളം അടക്കം സംസ്ഥാനങ്ങളും രംഗത്തെത്തിയിട്ടുണ്ട്. ഒരു രാജ്യം, ഒരു വാക്സിന്‍ വില എന്ന മുദ്രാവാക്യമാണ് കോണ്‍ഗ്രസ് ഉയര്‍ത്തുന്നത്. കേന്ദ്രസര്‍ക്കാരിന് നല്‍കുന്ന 150 രൂപയ്ക്ക് തന്നെ സംസ്ഥാനങ്ങള്‍ക്കും, സ്വകാര്യ ആശുപത്രികള്‍ക്കും നല്‍കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.
അതേസമയം, ഓക്സിജന്‍ വിതരണം, റെംഡിസിവിര്‍ അടക്കം അവശ്യമരുന്നുകളുടെ ലഭ്യത, കൊവിഡ് കിടക്കകള്‍ അടക്കം മെഡിക്കല്‍ സാമഗ്രികളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ സ്വീകരിച്ച നടപടികള്‍ എന്നിവ അറിയിക്കാനും കഴിഞ്ഞ തവണ സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു. വാക്സിന്‍ വിലയില്‍ അടക്കം സുപ്രീംകോടതി സ്വീകരിക്കുന്ന നിലപാട് നിര്‍ണായകമാണ്.