ഞായറാഴ്ച്ച കാസര്‍കോട് മരിച്ചയാള്‍ക്ക് കൊവിഡ്; ഇയാളുടെ സമ്പര്‍ക്കപ്പട്ടികയില്‍ നാനൂറോളം പേര്‍

കാസര്‍കോട്: ഞായറാഴ്ച മരിച്ച കാസര്‍കോട് താളിപ്പടപ്പ് സ്വദേശി കെ ശശിധരയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മരണ ശേഷം നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. കാസര്‍കോട് നഗരത്തിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം. ഇതോടെ, കാസര്‍കോട് കൊവിഡ് മരണം ആറായി.

ഇയാള്‍ക്ക് ഒരാഴ്ചയായി പനിയും ശ്വാസം മുട്ടും അനുഭവപ്പെട്ടിരുന്നു. ഭാരത് ബീഡി കോണ്‍ട്രാക്ടറായ ശശിധരയുടെ സമ്പര്‍ക്ക പട്ടികയില്‍ നാനൂറോളം പേരുണ്ടെന്ന് ഭരണകൂടം അറിയിച്ചു. അതേസമയം, കാസര്‍കോട് കൊവിഡ് ആശുപത്രി നിര്‍മാണത്തിനെത്തിയ നാല് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കാസര്‍കോട് തെക്കിലിലെ ടാറ്റാ കൊവിഡ് ആശുപത്രി നിര്‍മ്മാണത്തിനെത്തിയ ജീവനക്കാര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

ഇതര സംസ്ഥാനക്കാരുള്‍പ്പെടെ അറുപതോളം പേരാണ് ഇവിടെ ജോലി ചെയ്യുന്നത്. ഇതിനിടെ, നീലേശ്വരം ബ്ലോക്ക് പഞ്ചായത്തംഗത്തിന് കൊവിഡ് സ്ഥിരീകരിച്ചതോടെ ക്വാറന്റീനില്‍ പോയ തൃക്കരിപ്പൂര്‍ എംഎല്‍എ എം രാജഗോപാല്‍, സിപിഎം സംസ്ഥാന കമ്മിറ്റി അംഗം സതീഷ് ചന്ദ്രന്‍ എന്നിവരുടെ കൊവിഡ് പരിശോധന ഫലം പുറത്തുവന്നു. പരിശോധന ഫലം നെഗറ്റീവാണ്.

Top