സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ഒരാള്‍കൂടി മരിച്ചു; മരിച്ചത് ചെങ്ങന്നൂര്‍ സ്വദേശി

ആലപ്പുഴ: ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ച യുവാവിന് കൊവിഡ് രോഗം സ്ഥിരീകരിച്ചു. ചെങ്ങന്നൂര്‍ പാണ്ടനാട് സ്വദേശി ജോസ് ജോയി (38) ആണ് മരിച്ചത്. അബുദാബിയില്‍ നിന്ന് കഴിഞ്ഞയാഴ്ചയാണ് ജോസ് ജോയി നാട്ടിലെത്തിയത്. തുടര്‍ന്ന് ആലപ്പുഴയിലെ കോവിഡ് സെന്ററില്‍ നിരീക്ഷണത്തിലായിരുന്നു. കരള്‍ രോഗബാധിതനായിരുന്നു ഇയാള്‍. രോഗം മൂര്‍ഛിച്ചതിനെത്തുടര്‍ന്ന് ഇന്നു രാവിലെയാണ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഇതോടെ സംസ്ഥാനത്ത് വെള്ളിയാഴ്ച കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം രണ്ടായി. തിരുവല്ല ഇടിഞ്ഞില്ലം പ്രക്കാട്ട് ജോഷി മാത്യു (69) കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ മരിച്ചു. ഷാര്‍ജയില്‍ ജോലി ചെയ്തിരുന്ന ജോഷി മേയ് 11ന് ദുബായ്-കൊച്ചി വിമാനത്തിലാണ് നാട്ടിലെത്തിയത്. പത്തനംതിട്ടയിലെ ക്വാറന്റീന്‍ കേന്ദ്രത്തില്‍ കഴിയുകയായിരുന്നു. മേയ് 16ന് സാംപിള്‍ ശേഖരിക്കുന്നതുവരെ രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല.

രോഗം സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് മേയ് 18ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതരമായ പ്രമേഹ രോഗവുമുണ്ടായിരുന്നതിനാല്‍ വിദഗ്ധ ചികിത്സയ്ക്കായി മേയ് 25ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. 27 മുതല്‍ വെന്റിലേറ്ററിലായിരുന്നു. ഇതിനിടെ ഹൃദത്തിന്റെയും വൃക്കകളുടെയും പ്രവര്‍ത്തനം തകരാറിലായി.

Top