തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് പ്രതിരോധം പൂര്‍ണ്ണമായും തകര്‍ന്നുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. മാരകമായ വൈറസ് വകഭേദം കേരളത്തിലുണ്ടെന്ന് ഈ മാസം ആദ്യം തന്നെ സര്‍ക്കാരിന് മനസിലായിട്ടും നടപടിയെടുത്തില്ല. മ്യൂട്ടേഷന്‍ സംഭവിച്ച വൈറസ് സംസ്ഥാനത്തെ 10 ജില്ലകളിലെങ്കിലും ഉണ്ടാകുമെന്ന റിപ്പോര്‍ട്ട് ഉണ്ടായിട്ടും സര്‍ക്കാര്‍ എന്ത് ചെയ്തുവെന്നും സുരേന്ദ്രന്‍ ചോദിച്ചു.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പല സ്ഥലത്തും ഇരുപത്തിയഞ്ച് ശതമാനത്തില്‍ കൂടുതലാണ്. പ്രതിരോധത്തിനായി ഒരു വൈറ്റമിന്‍ ഗുളിക പോലും സര്‍ക്കാര്‍ പൊതുജനങ്ങള്‍ക്ക് നല്‍കുന്നില്ല. കേരളത്തില്‍ കൊവിഡ് രോഗികള്‍ക്ക് ആംബുലന്‍സ് കിട്ടാനില്ല. ആംബുലന്‍സ് വിളിക്കുന്നവരോട് പി പി ഇ കിറ്റിന്റെ പണം കൂടെ ആവശ്യപ്പെടുകയാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു.
തദ്ദേശ സ്ഥാപനങ്ങളെ സര്‍ക്കാര്‍ സഹായിക്കുന്നില്ല. കൊവിഡ് രോഗികളെ ഐസൊലേഷന്‍ ചെയ്യാന്‍ സര്‍ക്കാര്‍ നടപടിയെടുക്കാത്തത് കൊവിഡ് വ്യാപനം കൂട്ടുകയാണ്. ആര്‍ ടി പി സി ആര്‍ ടെസ്റ്റ് റിസല്‍ട്ട് വരാന്‍ പത്ത് ദിവസം വൈകുന്ന സാഹചര്യം കൊവിഡ് വ്യാപനം കൂട്ടുകയാണ്. നാല് മണിക്കൂര്‍ ആംബുലന്‍സില്‍ കിടന്ന് ചികിത്സ കിട്ടാതെ തൃശൂരില്‍ വയോധിക മരിച്ച സംഭവം സര്‍ക്കാരിന്റെ പിടിപ്പുകേടാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.
വെന്റിലേറ്റര്‍, ഓക്സിജന്‍ സൗകര്യങ്ങളുളള എത്ര കിടക്കകള്‍ ഉണ്ടെന്ന് പോലും സര്‍ക്കാരിന് അറിയില്ല. സംസ്ഥാന സര്‍ക്കാര്‍ കൊവിഡ് പ്രതിരോധത്തിന് പണം ചിലവഴിക്കുന്നില്ല. ഇതുവരെ സംസ്ഥാന സര്‍ക്കാര്‍ കൊവിഡ് പ്രതിരോധത്തിന് എത്ര പണം ചിലവഴിച്ചുവെന്ന് പറയണം. ഉപദേശവും തളളലും കൊണ്ട് മാത്രം കൊവിഡിനെ പ്രതിരോധിക്കാനാവില്ല. തോമസ് ഐസക്ക് പ്രഖ്യാപിച്ച 20000 കോടിയുടെ സാമ്ബത്തിക പാക്കേജിനെ പറ്റി ഇപ്പോള്‍ സര്‍ക്കാര്‍ മിണ്ടുന്നില്ല. കൊവിഡ് വാക്സിന്‍ എപ്പോള്‍ കേരളത്തില്‍ ലഭ്യമാക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ആര്‍ ടി പി സി ആര്‍ ടെസ്റ്റിന് കേരളത്തില്‍ മറ്റു സംസ്ഥാനങ്ങളേക്കാള്‍ മൂന്നിരട്ടി പണം അധികം നല്‍കണം. കേന്ദ്രസര്‍ക്കാര്‍ ഫണ്ട് അനുവദിച്ച ഓക്സിജന്‍ പ്ലാന്റുകള്‍ ഉടന്‍ പൂര്‍ത്തിയാക്കണമെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.