കൊവിഡ് പ്രതിരോധം: പ്രധാനമന്ത്രി ഇന്ന് ആറ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ കാണും

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തെ ആറ് സംസ്ഥാനങ്ങളില്‍നിന്നുള്ള മുഖ്യമന്ത്രിമാരുമായി ഓണ്‍ലൈനില്‍ കൂടിക്കാഴ്ച നടത്തും. കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ട പ്രതിരോധപ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്നതിന്റെ ഭാഗമായാണ് കൂടിക്കാഴ്ച.

കൊവിഡ് വ്യാപനം നിയന്ത്രണാതീതമായി തുടരുന്ന തമിഴ്‌നാട്, ആന്ധ്രപ്രദേശ്, കര്‍ണാടക, കേരളം, ഒഡീഷ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍നിന്നുള്ള മുഖ്യമന്ത്രിമാരാണ് കൂടിക്കാഴ്ചയില്‍ പങ്കെടുക്കുന്നത്.

ആറ് സംസ്ഥാനങ്ങളിലെയും കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെക്കുറിച്ചായിരിക്കും പ്രധാനമന്ത്രി യോഗത്തില്‍ സംസാരിക്കുക. കൊവിഡ് വ്യാപനത്തോടൊപ്പം കൂടുതല്‍ വ്യത്യസ്ത വകഭേദങ്ങള്‍ രൂപപ്പെടുന്നതും ഇന്നത്തെ യോഗം ചര്‍ച്ച ചെയ്യും.

രാജ്യത്തെ പുതിയ കൊവിഡ് കേസുകളുടെ 73.45 ശതമാനവും കേരളമൊഴിച്ചുള്ള ഈ ആറ് സംസ്ഥാനങ്ങളില്‍ നിന്നാണ്. 10 ശതമാനത്തില്‍ കൂടുതല്‍ കൊവിഡ് കേസുകളും 55 ജില്ലകളിലായാണ് കാണുന്നത്. നേരത്തെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി ഓണ്‍ലൈനില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.

Top