കോവിഡ് ഡെല്‍റ്റ പ്ലസ് വകഭേദം; എട്ട് സംസ്ഥാനങ്ങള്‍ക്ക് കത്തയച്ച് കേന്ദ്രം

ന്യൂഡല്‍ഹി: കൊവിഡ് ഡെല്‍റ്റ പ്ലസ് വകഭേദത്തിനെതിരെ ജാഗ്രത നിര്‍ദേശവുമായി കേന്ദ്ര സര്‍ക്കാര്‍. എട്ട് സംസ്ഥാനങ്ങള്‍ക്ക് കൂടി കേന്ദ്രം കത്തയച്ചു. മഹാരാഷ്ട്രയിലും വകഭേദം സ്ഥിരീകരിച്ച ഒരാള്‍ മരിച്ചു. രാജ്യത്ത് അണ്‍ലോക്കിന്റെ വേഗത കുറയ്ക്കാനും കേന്ദ്രം നിര്‍ദേശിച്ചു.

രാജ്യത്ത് 11 സംസ്ഥാനങ്ങളിലെ 50 പേരില്‍ ഡെല്‍റ്റ പ്ലസ് വകഭേദം സ്ഥിരീകരിച്ചെന്നാണ് കേന്ദ്രം ഇന്നലെ അറിയിച്ചത്. കേരളം, മധ്യപ്രദേശ്, മഹാരാഷ്ട്ര, കര്‍ണാടക, ആന്ധ്ര, ജമ്മു കശ്മീര്‍, രാജസ്ഥാന്‍, ഒഡീഷ, ഗുജറാത്ത്, പഞ്ചാബ്, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലാണ് നിലവില്‍ ഡെല്‍റ്റ പ്ലസിന്റെ സാന്നിധ്യം കണ്ടെത്തിയത്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് ഡെല്‍റ്റ പ്ലസ് ബാധിച്ചത്.

മഹാരാഷ്ട്രയില്‍ 20 പേരിലാണ് ഡെല്‍റ്റ പ്ലസ് വകഭേദം സ്ഥിരീകരിച്ചത്. രണ്ടാം സ്ഥാനത്തുള്ള തമിഴ്‌നാട്ടില്‍ 9 പേര്‍ക്കും സ്ഥിരീകരിച്ചു. ആദ്യമായി ഇന്ത്യയില്‍ കണ്ടെത്തിയ ഡെല്‍റ്റ വകഭേദത്തിന്റെ വ്യാപനവും ആശങ്കയുണ്ടാക്കുന്നുവെന്ന് ഇന്നലെ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. നിലവില്‍ രാജ്യത്ത് കൊവിഡ് സ്ഥിരീകരിക്കുന്ന 90 ശതമാനം പേരെയും ബാധിച്ചത് വൈറസിന്റെ ഡെല്‍റ്റ വകഭേദമാണ്.

 

Top