ന്യൂഡല്‍ഹി: സംസ്ഥാനത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യയും വിദഗ്ധരും അടങ്ങുന്ന കേന്ദ്രസംഘം കേരളത്തില്‍ സന്ദര്‍ശനം നടത്തും. തിങ്കളാഴ്ച കേരളം സന്ദര്‍ശിക്കുമെന്നാണ് റിപ്പോര്‍ട്ട്. കേന്ദ്ര ആരോഗ്യ സെക്രട്ടറിയും എന്‍സിഡിസി മേധാവിയും മന്ത്രിക്കൊപ്പമുണ്ടാകും.
കേന്ദ്രമന്ത്രി കൊവിഡ് വ്യാപനം ശക്തമായി തുടരുന്ന എല്ലാ സംസ്ഥാനങ്ങളും സന്ദര്‍ശിക്കുന്നുണ്ട്. ആദ്യസന്ദര്‍ശനം കേരളത്തിലാണ്. മുഖ്യമന്ത്രിയുമായി കേന്ദ്ര ആരോഗ്യമന്ത്രി കൂടിക്കാഴ്ച നടത്തുന്നുണ്ട്. സംസ്ഥാന ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്, കേരളത്തിലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഉദ്യോഗസ്ഥര്‍, ചീഫ് സെക്രട്ടറി എന്നിവരുമായി കേന്ദ്ര ആരോഗ്യമന്ത്രി ഉള്‍പ്പെട്ട സംഘം കൂടിക്കാഴ്ച നടത്തും.
ഓണക്കാലവും ലോക്ഡൗണ്‍ നിയന്ത്രണങ്ങളിലെ ഇളവും കണക്കിലെടുത്ത് കേരളത്തില്‍ വരും ദിവസങ്ങളില്‍ കൊവിഡ് കേസുകള്‍ വന്‍തോതില്‍ കൂടുമെന്ന് കേന്ദ്രസംഘം കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു.
രാജ്യത്ത് നിലവില്‍ ടി.പി.ആര്‍ നിരക്ക് ഏറ്റവും കൂടുതലുള്ള ഒരു സംസ്ഥാനമാണ് കേരളമെന്നും വാക്‌സിന്‍ സ്വീകരിച്ചവരില്‍ പോലും രോഗം സ്ഥിരീകരിക്കുന്ന സാഹചര്യം നിലനില്‍ക്കുന്നത് കൊണ്ടുമാണ് സ്ഥിതിഗതികള്‍ നേരിട്ട് വിലയിരുത്താന്‍ കേന്ദ്ര ആരോഗ്യ മന്ത്രി നേരിട്ട് സംസ്ഥാനം സന്ദര്‍ശിക്കുന്നതെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വിശദീകരിച്ചു.