തിരുവനന്തപുരം: പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ 65 വയസിന് മുകളില്‍ പ്രായമുള്ള തടവുകാര്‍ക്ക് പരോള്‍ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം. ജയിലില്‍ കൊവിഡ് പടരുന്ന പശ്ചാത്തലത്തിലാണ് സര്‍ക്കാരിന്റെ തീരുമാനം. ഇതനുസരിച്ച് അറുപതോളം തടവുകാര്‍ക്ക് പരോളിലിറങ്ങാനാവും. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കൊവിഡ് വ്യാപനം അതിരൂക്ഷമാണെന്നാണ് റിപ്പോര്‍ട്ട്.
ഇന്ന് മാത്രം 114 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 363 പേര്‍ക്കാണ് ഇന്ന് പരിശോധന നടത്തിയത്. ഇതില്‍ നിന്നാണ് 114 പേര്‍ രോഗബാധിതരാണെന്ന് കണ്ടെത്തിയത്. 110 തടവുകാര്‍ക്കും 4 ഉദ്യോഗസ്ഥര്‍ക്കുമാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. തടവുകാരും ജയില്‍ ജീവനക്കാരും അടക്കം 477 പേര്‍ക്കാണ് ഇതിനോടകം വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്.
ഇന്നലെ ജയിലിലെ തടവുകാരന്‍ കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. വിചാരണതടവുകാരനായ യതിരാജ് എന്ന മണികണ്ഠനാണ് കൊവിഡ് ബാധിച്ച് മരിച്ചത്. 72 വയസ്സായിരുന്നു. കടുത്ത ആസ്മ രോഗിയായിരുന്ന ഇദ്ദേഹത്തെ രോഗലക്ഷണങ്ങളോടെ ഈ മാസം 11നാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചത്.