ആലപ്പുഴ: കോവിഡ് ചികിത്സാ കേന്ദ്രങ്ങളിലെ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള താത്കാലിക ജീവനക്കാരെ പിരിച്ചുവിടുന്നു. കോവിഡ് രോഗികള്‍ കുറഞ്ഞ ചികിത്സാ കേന്ദ്രങ്ങള്‍ ഉടന്‍ നിര്‍ത്തലാക്കി ജീവനക്കാരെ പിരിച്ചുവിടാന്‍ കഴിഞ്ഞദിവസം ആശുപത്രികള്‍ക്ക് നിര്‍ദേശം ലഭിച്ചു. ഈയാഴ്ച മുതല്‍ പിരിച്ചുവിടല്‍ ആരംഭിച്ചേക്കും.
ആറുമാസത്തെ കരാറിലാണ് നിയമനം നല്‍കിയിരുന്നത്. കാലാവധി തീരാന്‍ മൂന്നുമാസം വരെ ബാക്കിയുള്ളവരുണ്ട്. ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, നഴ്‌സിങ് അസിസ്റ്റന്റുമാര്‍, ലാബ് ടെക്‌നീഷ്യന്‍, ഫാര്‍മസിസ്റ്റുമാര്‍, ശുചീകരണ ജോലിക്കാര്‍ എന്നിവരാണ് കോവിഡ് ബ്രിഗേഡിന്റെ ഭാഗമായുള്ളത്.
ദേശീയ ആരോഗ്യ ദൗത്യ(എന്‍.എച്ച്.എം)മാണ് താത്കാലിക ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ശമ്പളം നല്‍കിയിരുന്നത്. കോവിഡ് ചികിത്സയായതിനാല്‍ ഇവര്‍ക്ക് റിസ്‌ക് അലവന്‍സും അനുവദിച്ചിരുന്നു. ഇത് എന്‍.എച്ച്.എമിന് കൂടുതല്‍ ബാധ്യത വരുത്തി. കോവിഡ് രോഗികളില്ലാതെ ജീവനക്കാരെ തുടരാന്‍ അനുവദിച്ചാല്‍ ബാധ്യത ഇനിയും ഉയരും.ഇതൊഴിവാക്കാനാണ് നടപടിയെന്നാണ് അധികൃതര്‍ പറയുന്നത്.
എന്നാല്‍, സംഘടിക്കാനും യൂണിയനുണ്ടാക്കാനുമുള്ള ശ്രമമാണ് പിരിച്ചുവിടല്‍ വേഗത്തിലാക്കിയതെന്നാണ് ആരോഗ്യവകുപ്പിലെ ഉന്നതോദ്യോഗസ്ഥര്‍ പറയുന്നത്.