പൂച്ചകള്‍ക്ക് വരുന്ന മാരകമായ വൈറസ് ഭേദമാക്കുന്ന മരുന്ന് കൊവിഡിനും ഫലപ്രദമെന്ന് റിപ്പോര്‍ട്ട്

ടൊറന്റോ: പൂച്ചകള്‍ക്കു വരുന്ന മാരകമായ വൈറസ് രോഗം ഭേദമാക്കാന്‍ ഉപയോഗിക്കുന്ന മരുന്ന് കോവിഡിന് ഫലപ്രദമാകുമെന്ന് ഗവേഷണ റിപ്പോര്‍ട്ട്. നേച്ചര്‍ കമ്യൂണിക്കേഷന്‍സ് ജേണലില്‍ പ്രസിദ്ധീകരിച്ച ഗവേഷണ റിപ്പോര്‍ട്ടിലാണ് കോവിഡ് പരത്തുന്ന സാര്‍സ് കോവ്2 വൈറസ് മനുഷ്യകോശങ്ങളില്‍ ഇരട്ടിക്കുന്നതു തടയാന്‍ ഈ മരുന്നു ഫലപ്രദമാണെന്നാണു വ്യക്തമാക്കിയത്. കോവിഡ് ചികിത്സയ്ക്കായി മനുഷ്യശരീരത്തില്‍ ഈ മരുന്ന് ഉപയോഗിക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നതെന്ന് ആല്‍ബര്‍ട്ട സര്‍വകലാശാലയിലെ ബയോകെമിസ്ട്രി പ്രഫസര്‍ ജൊവാന്‍ ലെമ്യൂക്‌സ് പറഞ്ഞു.

ശരീരത്തിലെ ചില പ്രോട്ടീസ് തന്മാത്രകളെ തടയാന്‍ മരുന്നിന് സാധിക്കും. 2002-03 കാലയളവില്‍ പടര്‍ന്നുപിടിച്ച സാര്‍സ് രോഗത്തിനു പിന്നാലെയാണ് ഈ മരുന്നിനെക്കുറിച്ച് ആദ്യം ഗവേഷണം ആരംഭിച്ചത്. പിന്നാലെ, വെറ്ററിനറി ഗവേഷകര്‍ ഇതു പൂച്ചകളില്‍ പടരുന്ന രോഗം ഭേദമാക്കുമെന്ന് കണ്ടെത്തി. സാധാരണഗതിയില്‍ ക്ലിനിക്കല്‍ ടെസ്റ്റ് നടത്തുന്നതിന് ആദ്യം ലാബുകളിലും പിന്നീട് മൃഗങ്ങളിലും പരീക്ഷിക്കണം. എന്നാല്‍ ഈ കടമ്പകള്‍ നേരത്തെ തന്നെ കടന്നതിനാല്‍ നേരിട്ട് ക്ലിനിക്കല്‍ ട്രയലിലേക്ക് പോകാന്‍ സാധിക്കുമെന്നും അദ്ദേഹം അറിയിച്ചു. മരുന്ന് മനുഷ്യരില്‍ ഉപയോഗിക്കുന്നതിനുള്ള തിരുത്തലുകള്‍ വരുത്തുകയാണെന്നും ക്ലിനിക്കല്‍ ട്രയല്‍ ഉടന്‍ നടത്തുമെന്നും ലെമ്യൂക്‌സ് പറഞ്ഞു.

Top