ന്യൂയോര്‍ക്: ലോകത്തെയാകെ കോവിഡ്19 മഹാമാരി കീഴ്‌പ്പെടുത്തിയതോടെ ഈ വര്‍ഷം 13.2 കോടി പേര്‍കൂടി കൊടുംപട്ടിണിയിലേക്ക് നീങ്ങുമെന്ന് ഐക്യരാഷ്ട്രസഭയുടെ മുന്നറിയിപ്പ്. അതിനാല്‍ ജനങ്ങള്‍ക്ക് നിലവാരമുള്ളതും പോഷകങ്ങള്‍ അടങ്ങിയതുമായ ഭക്ഷണം ലഭ്യമാക്കാന്‍ സര്‍ക്കാറുകള്‍ നടപടി സ്വീകരിക്കണമെന്നും ഐക്യരാഷ്ട്രസഭവ്യക്തമാക്കി.
കോവിഡ്മൂലം ആഫ്രിക്കയില്‍ പകുതിയലധികം പേര്‍ക്ക് ജോലി നഷ്ടമായി. ലാറ്റിനമേരിക്ക, ഏഷ്യ എന്നിവിടങ്ങളിലും തൊഴില്‍ നഷ്ടവും പട്ടിണിയും വര്‍ധിക്കുകയാണ്. സബ്‌സിഡിയോടെയുള്ള ഭക്ഷ്യവിതരണം, ഭക്ഷണ ഉല്‍പന്നങ്ങള്‍ക്ക് നികുതി ഒഴിവാക്കല്‍, ദരിദ്രര്‍ക്ക് നേരിട്ട് പണം ലഭ്യമാക്കല്‍ എന്നീ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ ലോകത്തെ കാത്തിരിക്കുന്നത് വന്‍ ദുരന്തമായിരിക്കുമെന്നുമാണ് ഐക്യരാഷ്ട്രസഭയുടെ മുന്നറിയിപ്പ്.
ലോകത്തിന്റെ ഒന്നാം നമ്പര്‍ പൊതുശത്രു കോവിഡ് ആണെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യൂ.എച്ച്.ഒ) പ്രഖ്യാപിച്ചിരിക്കുകയാണ്. ആഗോളതലത്തില്‍ അഞ്ച് ദിവസത്തിനുള്ളില്‍ 10 ലക്ഷം പേരാണ് കോവിഡ് ബാധിതരായത്. ആറര മാസത്തിനിടെ രോഗ ബാധിതരുടെ എണ്ണം 130 ലക്ഷം കവിഞ്ഞു. പ്രതിരോധ നടപടികള്‍ അവഗണിക്കപ്പെട്ടാല്‍ ലോകം പഴയ അവസ്ഥയിലേക്ക് മാറാന്‍ സാധ്യതയില്ലെന്നും ഡബ്ല്യൂ.എച്ച്.ഒ മേധാവി ടെഡ്‌റോസ് അദ്ഹാനോം ഗബ്രിയോസിസ് വ്യക്തമാക്കി.ലോകത്തെ മൊത്തം രോഗികളുടെയും മരണത്തിന്റെയും പകുതിയില്‍ അധികവും അമേരിക്കന്‍ ഭൂഖണ്ഡങ്ങളിലാണ്.
അമേരിക്കയിലെ 40 സ്‌റ്റേറ്റുകളില്‍ രണ്ടാഴ്ചയായി കേസുകള്‍ വന്‍തോതില്‍ ഉയരുകയാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. പ്രതിരോധ പ്രവര്‍ത്തനത്തിനിടെ കോവിഡ് ബാധിച്ച് ലോകത്താകെ ജീവന്‍ നഷ്ടമായത് 3000 ആരോഗ്യ പ്രവര്‍ത്തകര്‍ക്കെന്ന് ആംനസ്റ്റി ഇന്റര്‍നാഷനല്‍. ഏറ്റവും കൂടുതല്‍ മരണം റഷ്യയിലാണ്.
545 ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ബ്രിട്ടനില്‍ 540ഉം അമേരിക്കയില്‍ 507ഉം ആരോഗ്യ പ്രവര്‍ത്തകര്‍ മരിച്ചു. മഹാമാരിക്കെതിരായ മുന്നണിപ്പോരാളികളായ ആരോഗ്യ പ്രവര്‍ത്തകരുടെ മരണം അതീവ ജാഗ്രതയോടെ കാണേണ്ടതുണ്ടെന്ന് ആംനസ്റ്റി അഭിപ്രായപ്പെട്ടു. കോവിഡ് രോഗികളില്‍ രണ്ടാം സ്ഥാനത്തുള്ള ബ്രസീലില്‍ 351ഉം മെക്‌സിക്കോയില്‍ 248ഉം ആരോഗ്യ പ്രവര്‍ത്തകരാണ് മരിച്ചത്.