വെല്ലിങ്ടണ്‍: കോവിഡ് വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ സ്വന്തം പൗരന്മാര്‍ക്ക് അടക്കം ഇന്ത്യയില്‍ നിന്നുള്ള എല്ലാ യാത്രക്കാര്‍ക്കും താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തി ന്യൂസിലാന്‍ഡ് ഭരണകൂടം. രണ്ടാഴ്ചത്തേക്കാണ് നിയന്ത്രണം. ഓക്ലാന്‍ഡില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പ്രധാനമന്ത്രി ജസീന്ദ ആര്‍ഡെന്‍ ആണ് ഇക്കാര്യം അറിയിച്ചത്.
ഏപ്രില്‍ 11 മുതല്‍ 28 വരെയാണ് നിയന്ത്രണം ഉണ്ടാവുകയെന്ന് ജസീന്ത പറഞ്ഞു. വ്യാഴാഴ്ച രാജ്യാതിര്‍ത്തിയില്‍ 23 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതില്‍ 17 എണ്ണം ഇന്ത്യയില്‍ നിന്ന് എത്തിയവരില്‍ ആയിരുന്നു. തുടര്‍ന്നാണ് വിലക്കേര്‍പ്പെടുത്താന്‍ പ്രധാനമന്ത്രി തീരുമാനിച്ചത്. 40 ദിവസമായി ഒരു കേസു പോലും ന്യൂസിലന്‍ഡില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല.
അതിനിടെ, കോവിഡിന്റെ രണ്ടാം തരംഗം ഗുരുതരമാകുന്ന സാഹചര്യത്തില്‍ ഇന്ന് വൈകിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തും. വാക്സിന്‍ വിതരണവുമായി ബന്ധപ്പെട്ട സുപ്രധാനമായ തീരുമാനങ്ങള്‍ ഇന്നുണ്ടായേക്കും. പ്രായഭേദമന്യേ വാക്സിന്‍ നല്‍കമണമെന്നതാണ് പ്രധാനപ്പെട്ട ആവശ്യം. സംസ്ഥാനങ്ങള്‍ക്ക് വിതരണം ചെയ്യുന്ന വാക്സിന്റെ അളവ് വര്‍ധിപ്പിക്കാനും കേന്ദ്രം ആലോചിക്കുന്നുണ്ട്.