കോവിഡ് വ്യാപനം: ഫോക്‌സ്‌വാഗനും മെഴ്‌സീഡിസും സര്‍വീസ് കാലാവധി നീട്ടി നല്‍കി

ഇന്ത്യയില്‍ പടര്‍ന്നു പിടിക്കുന്ന കോവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഫോക്‌സ്‌വാഗനും മെഴ്‌സീഡിസും ഉപയോക്താക്കള്‍ക്ക് സര്‍വീസ് കാലാവധി നീട്ടി നല്‍കി. കോവിഡ് രണ്ടാം തരംഗം മുന്‍നിര്‍ത്തി ഏപ്രില്‍ ഒന്നിനും മേയ് 31നുമിടയില്‍ നടത്തേണ്ട സൗജന്യ സര്‍വീസുകള്‍ ജൂണ്‍ 30 വരെ പൂര്‍ത്തിയാക്കാന്‍ അവസരമുണ്ടാവുമെന്നു ജര്‍മന്‍ നിര്‍മാതാക്കളായ ഫോക്‌സ്‌വാഗന്‍ പ്രഖ്യാപിച്ചു. ഏപ്രിലിലും മേയില്‍ നടത്തേണ്ട പ്രീപെയ്ഡ് സര്‍വീസ് പാക്കേജുകളുടെ കാലാവധിയും ജൂണ്‍ 30 വരെ ദീര്‍ഘിപ്പിച്ചിട്ടുണ്ട്.

ഇതിനൊടൊപ്പം തന്നെ എക്സ്റ്റന്‍ഡഡ് വാറന്റിയുടെ കാലപരിധിയും ജൂണ്‍ 30 വരെ നീട്ടിയതായി ഫോക്‌സ്‌വാഗന്‍ അറിയിച്ചിട്ടുണ്ട്. ഏപ്രില്‍ 15നും മേയ് 31നുമിടയ്ക്ക് കാലാവധി പൂര്‍ത്തിക്കൊടുക്കുമെന്നാണു കമ്പനിയുടെ വാഗ്ദാനം. അതുപോലെ ഏപ്രിലിലും മേയില്‍ കാലാവധിയെത്തുന്ന റോഡ് സൈഡ് അസിസ്റ്റന്‍സ് പോളിസികള്‍ക്കുജൂണ്‍ 30 വരെ പ്രാബല്യമുണ്ടാവുമെന്നും കമ്പനി വ്യക്തമാക്കി.

മെഴ്‌സീഡിസ് ബെന്‍സ് ഇന്ത്യയും ഉപയോക്താക്കള്‍ക്ക് വാഹനങ്ങളുടെ സാധാരണ വാറന്റിയും എക്സ്റ്റന്‍ഡഡ് വാറന്റിയും സൗജന്യ സര്‍വീസ് കാലാവധിയും ദീര്‍ഘിപ്പിക്കുകയാണെന്ന് പ്രഖ്യാപിച്ചു. ഏപ്രില്‍ 15നും മേയ് 31നുമിടയ്ക്കു കാലാവധി പൂര്‍ത്തിയാവുന്ന സ്റ്റാന്‍ഡേഡ് വാറന്റി പ്രകാരമുള്ള ആനുകൂല്യങ്ങള്‍ ജൂണ്‍ 30 വരെ ലഭ്യമാവും.

ഇതേകാലത്തെ അഡ്വാന്‍സ് അഷ്വറന്‍സ് എക്സ്റ്റന്‍ഡഡ് വാറന്റിയും മോട്ടോര്‍ ഇന്‍ഷുറന്‍സും പ്രകാരമുള്ള ക്ലെയിമുകള്‍ ജൂണ്‍ 30 വരെ കമ്പനി സ്വീകരിക്കും.കൂടാതെ ഏപ്രില്‍ 15 മേയ് 31 കാലത്തിനിടെ കാലഹരണപ്പെടുന്ന ഷെഡ്യൂള്‍ പ്രകാരമുള്ള വാഹന സര്‍വീസ് ജൂണ്‍ 30 വരെ നടത്തിക്കൊടുക്കുമെന്നും കമ്പനി വ്യക്തമാക്കി. അതേസമയം, വാഹനം ജൂണ്‍ 30നകം സര്‍വീസിങ് പൂര്‍ത്തിയാക്കുന്നെന്നു വാഹന ഉടമകള്‍ ഉറപ്പാക്കണമെന്നും മെഴ്‌സീഡിസ് ബെന്‍സ് ഇന്ത്യ ആവശ്യപ്പെട്ടു.

 

Top