കോവിഡ് ഭക്ഷ്യക്കിറ്റ്; കമ്മിഷൻ ലഭിക്കുക കോടതിയെ സമീപിച്ച റേഷൻ കടക്കാർക്ക് മാത്രം

ആലപ്പുഴ : കോവിഡ് കാലത്തു സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം ചെയ്തതിന്റെ കമ്മിഷൻ ഇതിനായി കോടതിയെ സമീപിച്ച റേഷൻ വ്യാപാരികൾക്കു മാത്രം. എല്ലാവർക്കും കമ്മിഷൻ നൽകണമെന്നു സുപ്രീം കോടതി ഉത്തരവിട്ടു മാസങ്ങളായിട്ടും മറ്റു റേഷൻ വ്യാപാരികൾക്ക് ആനുകൂല്യം ലഭ്യമാക്കിയില്ല. കോടതി വിധിയെത്തുടർന്ന് കമ്മിഷൻ കുടിശിക വിതരണം ചെയ്യാൻ ഭരണാനുമതി നൽകി സർക്കാർ ഉത്തരവിറക്കിയിരുന്നു. ഇതിന്റെ അവസാന വരിയിലാണു കേസുമായി മുന്നോട്ടു പോയവർക്കു കമ്മിഷൻ കൊടുക്കാമെന്നു പറയുന്നത്. ഏതാനും പേർ മാത്രമാണു കോടതിയെ സമീപിച്ചത്. ഇവർക്കുള്ള കുടിശിക വിതരണം തുടങ്ങി.

2020–21ൽ സൗജന്യ ഭക്ഷ്യക്കിറ്റുകൾ റേഷൻ കടകളിലൂടെ വിതരണം ചെയ്ത വകയിൽ 45 കോടിയോളം രൂപയാണു കുടിശികയുള്ളത്. 14,257 റേഷൻകട ഉടമകൾക്കാണു 10 മാസത്തെ കമ്മിഷൻ ലഭിക്കാനുള്ളത്. ബാക്കി മാസങ്ങളിൽ കമ്മിഷൻ നൽകിയിരുന്നു.

റേഷൻ വ്യാപാരിസംഘടനകൾ ഹൈക്കോടതിയെ സമീപിച്ചതോടെ മാർച്ച് 31ന് അകം കുടിശിക വിതരണം ചെയ്യാൻ കോടതി ഉത്തരവിട്ടു. സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സർക്കാർ സുപ്രീം കോടതി വരെ പോയെങ്കിലും വിധി വ്യാപാരികൾക്ക് അനുകൂലമായിരുന്നു.

Top