ഇറ്റലിയില്‍ നിന്നും ഇന്ത്യയിലെത്തിയ വിമാനത്തിലെ 150 യാത്രക്കാര്‍ക്ക് കൊവിഡ്

അമൃത്‌സര്‍: ഇറ്റലിയില്‍ നിന്നും ഇന്ത്യയിലെത്തിയ വിമാനത്തിലെ 150 യാത്രക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. അമൃത്‌സറില്‍ എത്തിയ വിമാനത്തിലാണ് ഇത്രയധികം യാത്രക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ആകെ 290 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്.

റോമില്‍ നിന്നാണ് അമൃത്‌സറിലേക്ക് വിമാനം എത്തിയത്. വിമാനത്താവളത്തില്‍ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. നഗരത്തിലെ വിവിധ ആശുപത്രികളിലെ ഐസൊലേഷന്‍ വാര്‍ഡുകളിലേക്ക് ഇവരെ മാറ്റും.

വ്യാഴാഴ്ചയും മിലാനില്‍ നിന്ന് അമൃത്‌സറിലെത്തിയ ചാര്‍ട്ടേഡ് വിമാനത്തില്‍ എത്തിയ 125 യാത്രക്കാര്‍ക്ക് എയര്‍പോര്‍ട്ടില്‍ നടത്തിയ പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. കൊവിഡ് രോഗം വളരെയധികം ഗുരുതരമായ രാജ്യമാണ് ഇറ്റലി. ഇവിടെനിന്നും പോര്‍ച്ചുഗീസ് കമ്പനിയായ യൂറോ അറ്റ്‌ലാന്റിക് എയര്‍വെയ്‌സിന്റെ ചാര്‍ട്ടേഡ് വിമാനത്തിലെത്തിയ ഭൂരിഭാഗം യാത്രക്കാര്‍ക്കുമാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്.

‘അറ്റ് റിസ്‌ക്’ വിഭാഗത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പെടുത്തിയിരിക്കുന്ന രാജ്യമാണ് ഇറ്റലി. ജനുവരി ആറിന് വിവിധ അന്താരാഷ്ട്ര വിമാനങ്ങളിലെത്തി 2437 അന്താരാഷ്ട്ര യാത്രികരെ പരിശോധിച്ചെന്ന് എയര്‍പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ വെളിപ്പെടുത്തി. ഇതില്‍ 140 പേര്‍ക്ക് കൊവിഡ് രോഗം കണ്ടെത്തി.

കസാകിസ്ഥാന്‍, ആഫ്രിക്കന്‍ രാജ്യങ്ങളായ കോംഗൊ, എത്യോപ്യ, കെനിയ, നൈജീരിയ, ടുണീസിയ, സാംബിയ എന്നീ രാജ്യങ്ങളെ കേന്ദ്രസര്‍ക്കാര്‍ പുതുതായി ‘അറ്റ് റിസ്‌ക്’ വിഭാഗത്തില്‍ പെടുത്തി. ഈ രാജ്യങ്ങളില്‍ നിന്നുളള ഏത് യാത്രികനും കൊവിഡ് പരിശോധനയ്ക്ക് നിര്‍ബന്ധമായും വിധേയനാകണം. ഇവര്‍ നെഗറ്റീവ് ആയാലും ഏഴ് ദിവസത്തെ നിര്‍ബന്ധിത ക്വാറന്റൈനും പാലിക്കണം.

Top