ചാര്‍ട്ടര്‍ വിമാനങ്ങളിലെത്തുന്ന പ്രവാസികള്‍ക്ക് കൊവിഡ് ഫ്രീ സര്‍ട്ടിഫിക്കറ്റ്; ഇളവ് നല്‍കാന്‍ സര്‍ക്കാര്‍

തിരുവനന്തപുരം: ചാര്‍ട്ടര്‍ ചെയ്ത വിമാനങ്ങളിലെത്തുന്ന പ്രവാസികള്‍ക്ക് കൊവിഡ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയുള്ള ഉത്തരവില്‍ ഇളവ് നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ നീക്കം. പ്രതിഷേധം വ്യാപകമായതോടെയാണ് ഇളവിനായി സംസ്ഥാന സര്‍ക്കാര്‍ നീക്കം തുടങ്ങിയത്.

ഭേദഗതിയോടെ തിങ്കളാഴ്ച ഉത്തരവ് പുതുക്കി ഇറക്കിയേക്കും. വിഷയത്തില്‍ സര്‍ക്കാരിനെതിരെ ശക്തമായ പ്രതിഷേധം തുടങ്ങാനാണ് പ്രതിപക്ഷത്തിന്റെ നീക്കം. പെയിഡ് ക്വാറന്റീന്‍ ഏര്‍പ്പെടുത്തിയതിന് പിന്നാലെയാണ് ചാര്‍ട്ടര്‍ ചെയ്ത വിമാനങ്ങള്‍ക്ക് കൊവിഡ് നെഗറ്റീവ് പരിശോധന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയത്.

821 ചാര്‍ട്ടര്‍ വിമാനങ്ങള്‍ക്കാണ് ഇതുവരെ സര്‍ക്കാര്‍ അനുമതി നല്‍കിയത്. ഇതില്‍ ജൂണ്‍ 18 വരെ 136 വിമാനങ്ങളെത്തും. ഇതുവരെ 10 വിമാനങ്ങളാണ് വന്നത്. ഇത്രയും വിമാനങ്ങളില്‍ രണ്ട് ലക്ഷത്തോളം പേരെത്തുമെന്നാണ് സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍. അതില്‍ നല്ല ശതമാനം രോഗികളാകാനുള്ള സാധ്യതയുണ്ട് എന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു. കേരളത്തില്‍ ഇവരെത്തിയാലുള്ള രോഗവ്യാപന തോത് സര്‍ക്കാരിനെ കൂടുതല്‍ ആശങ്കപ്പെടുത്തി. ഇതാണ് കൊവിഡ് പരിശോധ നിര്‍ബന്ധമാക്കാന്‍ ഒരുങ്ങിയത്.

Top