കൊറോണ വൈറസ് രോഗത്തിന് സമാനമായ വെല്ലുവിളികള്‍ നേരിടാന്‍ ലോകം തയ്യാറാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭാവിയില്‍ ഇത്തരം വെല്ലുവിളികള്‍ നേരിടാന്‍ ലോകം സജ്ജമാകണമെന്ന പാഠം കൊവിഡ് നമ്മളെ പഠിപ്പിച്ചുവെന്നും പ്രധാനമന്ത്രി പറഞ്ഞു.ആരോഗ്യ മേഖലയിലെ ബജറ്റ് വിനിയോഗം സംബന്ധിച്ച ഒരു വെബിനാറില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
‘ആരോഗ്യമേഖലയ്ക്കായി ഇപ്പോള്‍ അനുവദിച്ച ബജറ്റ് അസാധാരണമാണ്. ഈ മേഖലയോടുള്ള ഞങ്ങളുടെ പ്രതിബദ്ധത ഇത് കാണിക്കുന്നു. ഭാവിയില്‍ സമാനമായ വെല്ലുവിളികളെ നേരിടാന്‍ തയ്യാറാകേണ്ട ഒരു പാഠം കോവിഡ് മഹാമാരി നമ്മെ പഠിപ്പിച്ചു’. പ്രധാനമന്ത്രി മോദി പറഞ്ഞു.
മെഡിക്കല്‍ ഉപകരണങ്ങള്‍ മുതല്‍ മരുന്നുകള്‍ വരെ, വെന്റിലേറ്ററുകള്‍ മുതല്‍ വാക്സിനുകള്‍ വരെ, ശാസ്ത്രീയ ഗവേഷണം മുതല്‍ നിരീക്ഷണ സൗകര്യങ്ങള്‍ വരെ, ഡോക്ടര്‍മാര്‍ മുതല്‍ പര്യവേക്ഷകന്‍ വരെ, ഇവയിലെല്ലാം ശ്രദ്ധ കേന്ദ്രീകരിക്കപ്പെട്ടിട്ടുണ്ട്, അതിനാല്‍ ഭാവിയില്‍ ഏത് ആരോഗ്യ അടിയന്തരാവസ്ഥയ്ക്കും രാജ്യം മികച്ച രീതിയില്‍ തയ്യാറാകുമെന്നും മോദി കൂട്ടിച്ചേര്‍ത്തു.
ഇന്ന്, ഇന്ത്യയുടെ ആരോഗ്യമേഖലയിലുള്ള ലോകത്തിന്റെ വിശ്വാസം വര്‍ധിച്ചിരിക്കുന്നു. ഇന്ത്യന്‍ നിര്‍മ്മിത വാക്‌സിനുകളുടെ വര്‍ദ്ധിച്ചുവരുന്ന ആവശ്യകതയ്ക്ക് നാം തയ്യാറാകണം.ജനങ്ങളുടെ ആരോഗ്യവുമായി ബന്ധപ്പെട്ട വെല്ലുവിളികള്‍ നേരിടാന്‍ തന്റെ സര്‍ക്കാര്‍ നാല് മേഖലകളില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് വെബിനാര്‍ വേളയില്‍ പ്രധാനമന്ത്രി പറഞ്ഞു.
ഇന്ത്യയെ ആരോഗ്യകരമായി നിലനിര്‍ത്തുന്നതിന് ഈ സര്‍ക്കാര്‍ പ്രധാനമായും നാല് കാര്യങ്ങളില്‍ പ്രവര്‍ത്തിക്കുന്നു. രോഗം തടയുക, ആരോഗ്യം പ്രോത്സാഹിപ്പിക്കുക, എല്ലാവര്‍ക്കും ആരോഗ്യ പരിരക്ഷ, ആരോഗ്യ അടിസ്ഥാന സൗകര്യങ്ങള്‍ കെട്ടിപ്പടുക്കുക, ആരോഗ്യ വിദഗ്ധരുടെ ഗുണനിലവാരത്തിലും അളവിലും വര്‍ദ്ധനവ്, കേന്ദ്രീകൃതമായി പ്രവര്‍ത്തിക്കുക എന്നിവയില്‍ ശ്രദ്ധയൂന്നിയാണ് സര്‍ക്കാരിന്റെ പ്രവര്‍ത്തനമെന്നും മോദി പറഞ്ഞു.