കാൻബറ/ വിയന്ന/ വെല്ലിങ്ടൻ : രോഗവ്യാപനവും മരണവും വർധിച്ചതോടെ ലോകത്തെ കോവിഡ് ആസ്ഥാനമായി യൂറോപ്പ് വീണ്ടും മാറുന്നു. ലോകത്തെ കോവിഡ് ബാധിതരിൽ പകുതിയോളം ഇവിടെയാണ്. മരണസംഖ്യയിലും യൂറോപ്പാണു മുന്നിൽ. ഇതിനിടെ കോവിഡ് നിയന്ത്രണങ്ങളുടെ പേരിൽ നെതർലൻഡ്സിലും ബൽജിയത്തിലും മറ്റും അക്രമാസക്തമായ പ്രതിഷേധപ്രകടനങ്ങളും അരങ്ങേറുന്നുണ്ട്.
വാക്സീൻ വികസിപ്പിച്ചശേഷം ഇതാദ്യമായി ഓസ്ട്രിയയിൽ ദേശീയതലത്തിലുള്ള ലോക്ഡൗൺ ആരംഭിച്ചു. നാലാം തവണയാണ് ഇവിടെ ലോക്ഡൗൺ നടപ്പാക്കുന്നത്. ഡെൽറ്റ വകഭേദം വ്യാപകമായ ന്യൂസീലൻഡ് കടുത്ത നിയന്ത്രണങ്ങൾ ഉപേക്ഷിച്ചു ബദൽ തന്ത്രങ്ങൾ ആവിഷ്കരിച്ചു. വിദേശികളെ ഡിസംബർ മുതൽ രാജ്യത്തു പ്രവേശിപ്പിക്കാൻ ഓസ്ട്രേലിയ തീരുമാനിച്ചു. നെതർലൻഡ്സ്, സ്ലൊവാക്യ, ഹംഗറി, ചെക്ക് റിപ്പബ്ലിക് തുടങ്ങിയ രാജ്യങ്ങളിൽ വീണ്ടും നിയന്ത്രണങ്ങൾ നടപ്പാക്കിത്തുടങ്ങി. ജർമനിയും ഇതേ വഴിയിലേക്കാണ് നീങ്ങുന്നത്.