ഒറ്റ ദിവസം കൊണ്ട് പത്ത് ലക്ഷം കൊവിഡ് രോഗികള്‍; ആശങ്കയോടെ അമേരിക്ക

വാഷിങ്ടണ്‍: അമേരിക്കയില്‍ പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം 24 മണിക്കൂറില്‍ പത്ത് ലക്ഷം കടന്നു. ജോണ്‍സ് ഹോപ്കിന്‍സ് സര്‍വ്വകലാശാല പുറത്തുവിട്ട കണക്കനുസരിച്ച് 10,80,211 പേര്‍ക്ക് കൊവിഡ് ബാധിച്ചെന്നാണ് കണക്ക്.

അമേരിക്കയിലെ ഒമിക്രോണ്‍ വകഭേദത്തിന്റെ തീവ്ര വ്യാപനമാണ്ഈ കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നത്. രോഗികളുടെ എണ്ണം വര്‍ധിക്കുന്നതിനെ തുടര്‍ന്ന് അമേരിക്കയില്‍ ജാഗ്രത ശക്തമാക്കിയിരിക്കുകയാണ്.

രോഗികളുടെ എണ്ണം വരും ദിവസങ്ങളില്‍ വര്‍ധിക്കുമെന്നാണ് വൈറ്റ്ഹൗസ് പകര്‍ച്ചവ്യാധി ഉപദേഷ്ടാവ് അന്തോണി ഫൗച്ചി പറഞ്ഞിരുന്നു. ഡിസംബര്‍ അവസാന ആഴ്ചയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട് കേസുകളില്‍ 59 ശതമാനവും ഒമിക്രോണ്‍ വകഭേദമാണെന്ന് സ്ഥിരീകരിച്ചിരുന്നു.

ഒമിക്രോണ്‍ വകഭേദം ആദ്യം സ്ഥിരീകരിച്ച ദക്ഷിണാഫ്രിക്കയില്‍ രോഗ വ്യാപനം കുറഞ്ഞത് പ്രതീക്ഷ നല്‍കുന്നതാണെന്ന് അന്തോണി ഫൗച്ചി പറഞ്ഞു. കഴിഞ്ഞ ഒരാഴ്ചക്കിടയില്‍ അമേരിക്കയില്‍ 9,382 കൊവിഡ് മരണങ്ങളും സ്ഥിരീകരിച്ചു.

Top