സ്‌കൂള്‍ തുറന്നതിന് പിന്നാലെ കൊവിഡ് പടരുന്നു; ഇംഗ്ലണ്ടില്‍ ആശങ്ക !

ലണ്ടന്‍: സ്‌കൂളുകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ ആരംഭിച്ചതിന് പിന്നാലെ ഇംഗ്ലണ്ടില്‍ കൊവിഡ് വീണ്ടും വ്യാപിക്കുന്നു. വിദ്യാര്‍ത്ഥികളില്‍ വ്യാപകമായി രോഗം പടരുന്നതാണ് ആശങ്ക പരത്തുന്നത്. ഒരാഴ്ച മുമ്പ് സെക്കന്ററി തലത്തില്‍ അമ്പതില്‍ ഒരാള്‍ക്കാണ് രോഗം വന്നിരുന്നത്. ഇപ്പോള്‍ അത് ഇരുപത്തഞ്ചില്‍ ഒന്നായി.

പ്രതിദിന കൊവിഡ് കേസുകളില്‍ വര്‍ധനവ് ഉണ്ടായതായി ബ്രിട്ടനിലെ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പിന്റെ കണക്കുകളും പുറത്തുവന്നു. രാജ്യത്ത് 12-15 വയസ് പ്രായമുള്ള കുട്ടികള്‍ക്ക് ഒരാഴ്ച മുന്‍പാണ് കൊവിഡ് വാക്‌സിന്‍ വിതരണം ആരംഭിച്ചത്. കൊവിഡ് വ്യാപനം നിയന്ത്രണ വിധേയമാകുകയും വാക്സിനേഷന്‍ വ്യാപകമാക്കുകയും ചെയ്തതിനെ തുടര്‍ന്ന് ഒരു മാസം മുന്‍പാണ് ഇംഗ്ലണ്ടിലെ സ്‌കൂളുകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ ആരംഭിച്ചത്. സെപ്റ്റംബര്‍ അവസാനത്തോടെ കേസുകള്‍ കുത്തനെ കൂടി. ഡെല്‍റ്റ വകഭേദം പിടി മുറുക്കിയതാണ് കാരണം.

കുട്ടികളില്‍ കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നതില്‍ വിദഗ്ധര്‍ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. അതേസമയം, കേസുകളിലെ വര്‍ധനവ് ഇതേ നിലയ്ക്ക് തുടരുമോ എന്ന് നിരീക്ഷിച്ചുവരികയാണെന്ന് വിദഗ്ധര്‍ വ്യക്തമാക്കി.

Top