ആരോഗ്യപ്രവര്‍ത്തകര്‍ക്കടക്കം കൊവിഡ്; മുഴുവന്‍ പേരെയും പരിശോധനയ്ക്ക് വിധേയരാക്കണം

കൊല്ലം: സംസ്ഥാനത്തെ ആരോഗ്യപ്രവര്‍ത്തകര്‍ക്കടക്കം കൊവിഡ് പടരുന്ന സാഹചര്യത്തില്‍ ആശങ്ക വര്‍ധിക്കുന്നു. സംസ്ഥാനത്തെ മുഴുവന്‍ ആരോഗ്യപ്രവര്‍ത്തകരെയും പരിശോധനയ്ക്ക് വിധേയമാക്കണമെന്ന ആവശ്യം ശക്തമാകുകയാണ്. കഴിഞ്ഞ 22 ദിവസത്തിനിടെ മാത്രം 123 ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്.

ആരോഗ്യ പ്രവര്‍ത്തകര്‍ രോഗ ബാധിതരാകുകയും അതിലേറെ പേര്‍ നിരീക്ഷണത്തില്‍ പോകുകയും ചെയ്തതോടെ കൂടുതല്‍ ആരോഗ്യപ്രവര്‍ത്തകരെ നിയമിക്കണമെന്നാവശ്യപ്പെട്ട് ഡോക്ടര്‍മാരുടേയും നഴ്‌സുമാരുടേയും സംഘടനകള്‍ രംഗത്തെത്തി. ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, ഇ സി ജി ടെക്‌നീഷ്യന്‍, ആശുപത്രികളിലെ ശുചീകരണ തൊഴിലാളികള്‍, ആശ വര്‍ക്കര്‍മാര്‍, ഒപി വിഭാഗത്തില്‍ ജോലിയിലേര്‍പ്പെട്ടിരുന്നവര്‍ ഇങ്ങനെ കൊവിഡ് സ്ഥിരീകരിച്ച ആരോഗ്യപ്രവര്‍ത്തകര്‍ നിരവധിയാണ്.

ഇതുവരെ ഇരുന്നൂറിലധികം പേര്‍ക്ക് രോഗം പിടിപെട്ടപ്പോള്‍ അതിനിരട്ടിയിലേറെപേര്‍ നിരീക്ഷണത്തില്‍ പോയി. ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന ഇവരില്‍ ഭൂരിഭാഗത്തിനും സമ്പര്‍ക്കം വഴിയാണ് രോഗ ബാധ ഉണ്ടായത്. പ്രതിരോധ ഉപകരണങ്ങള്‍ ഉപയോഗിച്ചിട്ടും രോഗം പിടിപെട്ടവരുമുണ്ട്. ഇതാണ് ആശങ്ക ഉയര്‍ത്തുന്നത്.

ചിലര്‍ക്ക് രോഗലക്ഷണങ്ങള്‍ പോലും ഉണ്ടായിരുന്നില്ല. ആരോഗ്യപ്രവര്‍ത്തകരുടെ കുറവ് കൊവിഡ് ചികിത്സയെ ബാധിക്കുന്ന തരത്തിലേക്ക് എത്തിയിട്ടുണ്ട്. ഡോക്ടര്‍മാരുടേയും നഴ്‌സുമാരുടേയും ഒഴിവുകളുണ്ട്. ഈ ഘട്ടത്തില്‍ കൂടുതല്‍പേരെ താല്‍കാലികമായി നിയമിക്കുകയോ നിലവിലുള്ള പി എസ് സി പട്ടികയില്‍ നിന്ന് നിയമനം നടത്തുകയോ വേണമെന്നാണാവശ്യം.

Top