ചെന്നൈ: ഫെബ്രുവരി 1നും 15 നും ഇടയിൽ രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണത്തിൽ വലിയ വർധനയുണ്ടാകുമെന്ന് മദ്രാസ് ഐ.ഐ.ടി.യുടെ മുന്നറിയിപ്പ്. കഴിഞ്ഞ രണ്ടാഴ്ചയിലെ കോവിഡ് പ്രത്യുത്പാദനശേഷിയുടെ (ആർ മൂല്യം) അടിസ്ഥാനത്തിൽ ഐ.ഐ.ടി.യിലെ ഗണിത വകുപ്പും സെന്റർ ഓഫ് എക്സലൻസ് ഫോർ കംപ്യൂട്ടേഷണൽ മാത്തമാറ്റിക്സ് ആൻഡ് ഡേറ്റ സയൻസും ചേർന്നാണ് പഠനം നടത്തിയത്.
ഒരു രോഗിയിൽനിന്ന് എത്രപേർക്ക് രോഗം പകരുമെന്ന കണക്കാണ് ആർ മൂല്യം. ജനുവരി 1 മുതൽ 6 വരെ ഇത് 4 ആയി ഉയർന്നിരുന്നു. ഡിസംബർ 25 മുതൽ 31 വരെ 2.9 ആയിരുന്നു ആർ മൂല്യം. രണ്ടാംതരംഗത്തെ അപേക്ഷിച്ച് കേസുകളിൽ ക്രമാതീതമായ വർധന ഇനിയുണ്ടാകും.
പ്രാഥമിക വിശകലനത്തിൽ രാജ്യത്ത് ആർ മൂല്യം ക്രമാതീതമായി ഉയരുകയാണെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. അത് കൊണ്ട് തന്നെ രണ്ടാം തരംഗത്തെ അപേക്ഷിച്ച് കേസുകളിൽ വലിയ വർധനവ് ഇനിയുണ്ടാകും.