സംസ്ഥാനത്ത് കോവിഡ് രൂക്ഷമാകുന്നു; മുന്‍കരുതലുകള്‍ വര്‍ദ്ധിപ്പിച്ച് സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡിന്റെ പ്രതിദിനവര്‍ധന രൂക്ഷമാകുന്ന സാഹചര്യത്തില്‍ മുന്‍കരുതലെടുക്കാന്‍ സര്‍ക്കാര്‍ നീങ്ങുന്നു. ഇത്തരം സാഹചര്യത്തില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയില്ലെങ്കില്‍ മരണനിരക്ക് ഉയര്‍ന്നേക്കാം എന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തല്‍. സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക കണക്ക് പ്രകാരം 182 പേരാണ് ഇത് വരെ കൊവിഡ് ബാധിച്ച് മരിച്ചത്. ഇതില്‍ 130 പേരും അറുപത് വയസ്സിന് മുകളിലുള്ളവരാണ്.

മരിച്ചവരില്‍ 43 പേര്‍ 41 മുതല്‍ 59 വയസ്സ് വരെയുള്ളവരും. സംസ്ഥാനത്തെ ചികിത്സ സൗകര്യങ്ങള്‍ ഉയര്‍ത്തിയില്ലെങ്കില്‍ മുന്നിലുള്ളത് വലിയ വെല്ലുവിളിയാകും. വയോധികര്‍ റിവേഴ്‌സ് ക്വാറന്റീന്‍ പാലിക്കുന്നുണ്ടെങ്കിലും പരിമിതമായ സമ്പര്‍ക്കത്തിലും അതീ ജാഗ്രത പാലിക്കേണ്ട ഘട്ടമാണ് കടന്ന് വരുന്നതെന്ന് ആരോഗ്യ വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. നിലവില്‍ ചികിത്സയിലുള്ള അഞ്ച് ശതമാനം രോഗികള്‍ക്ക് മാത്രമാണ് ഐസിയു, ഓക്‌സിജന്‍ സഹായം ലഭ്യമാക്കേണ്ടി വരുന്നത്.

എന്നാല്‍ പ്രായമായവരിലേക്ക് രോഗവ്യാപനം കൂടിയാല്‍ ഇത് 10 മുതല്‍ 12 ശതമാനം വരെ എത്തും. സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികളിലായി സംസ്ഥാനത്ത് 1000 വെന്റിലേറ്ററുകളും, 3000 ഐസിയു കിടക്കകളും ലഭ്യമാണെന്നാണ് ഏകദേശ കണക്ക്. സ്ഥിതി വഷളായാല്‍ ഇത് തികയാതെ വരും. സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിക്കുന്ന യുവാക്കളുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ധനവ് ആശങ്കയാകുന്നു. രോഗവ്യാപനത്തിന്റെ അടുത്തഘട്ടത്തില്‍ വീട്ടിലെ മുതിര്‍ന്നവരിലേക്ക് രോഗം പകരാനുള്ള സാധ്യത കൂടുതലെന്നാണ് ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പ്.

ആവശ്യത്തിന് ഐസിയു വെന്റിലേറ്ററുകള്‍ സജ്ജീകരണങ്ങള്‍ ഉറപ്പാക്കിയില്ലെങ്കില്‍ വരും ദിവസങ്ങളില്‍ മരണനിരക്കും ഉയരും. രോഗബാധിതരായ യുവാക്കളുടെ എണ്ണം വര്‍ധിക്കുന്നതും ആശങ്ക കൂട്ടുന്നു. പല ജില്ലകളിലും ആകെ രോഗ ബാധിതരില്‍ അറുപത് ശതമാനത്തിലേക്ക് മാറുന്നുണ്ടെന്നാണ് കണക്കുകള്‍. പ്രായം കുറഞ്ഞവര്‍ക്ക് രോഗം സ്ഥിരീകരിച്ചതും അവര്‍ വേഗത്തില്‍ രോഗമുക്തി നേടുന്നതും രോഗമുക്തി നിരക്ക് കൂട്ടി.

Top