ന്യൂഡല്‍ഹി: യുഎസ് ഡോളറിന്റെ മൂല്യം ഉയരുന്നതും കൊവിഡ് 19 ഡെല്‍റ്റാ വേരിയന്റ് കേസുകളിലെ വര്‍ധനയും അന്താരാഷ്ട്ര ക്രൂഡ് നിരക്കില്‍ വലിയ ഇടിവിന് കാരണമായി. ഈ ആഴ്ച ഇതുവരെ ക്രൂഡ് നിരക്കില്‍ ഏഴ് ശതമാനത്തിന്റെ ഇടിവാണ് ദൃശ്യമായത്. വലിയ ഉപഭോക്താക്കളില്‍ മുന്‍പന്തിയിലുളള ചൈനയുടെ വളര്‍ച്ച മന്ദഗതിയിലായതും യുഎസ് സമ്പദ്‌വ്യവസ്ഥയുടെ വീണ്ടെടുക്കല്‍ മന്ദഗതിയില്‍ തുടരുന്നതും നിരക്കിടിവിന് ആക്കം കൂട്ടി.
വെസ്റ്റ് ടെക്‌സസ് ഇന്റര്‍മീഡിയറ്റ് (ഡബ്ല്യുടിഐ) ക്രൂഡ് ബാരലിന് 0.77 ശതമാനം ഇടിഞ്ഞ് നിരക്ക് 63.01 ഡോളറിലെത്തി. ലണ്ടന്‍ ആസ്ഥാനമായുള്ള അന്താരാഷ്ട്ര ബെഞ്ച്മാര്‍ക്കായ ബ്രെന്റ് ക്രൂഡ് 0.78 ശതമാനം കുറഞ്ഞ് ബാരലിന് 65.93 ഡോളറിലേക്കും എത്തി. ഇതോടെ അന്താരാഷ്ട്ര നിരക്ക് 60 ഡോളറിന് താഴേക്ക് എത്തുമോ എന്ന ആശങ്ക വിപണിയില്‍ ശക്തമാണ്.
പ്രധാനമായും ഡിമാന്‍ഡ് ആശങ്കകളാണ് ക്രൂഡ് നിരക്കിലെ ഇടിവിന് കാരണം. NYMEX ക്രൂഡ് ബാരലിന് 63.5 ഡോളറിലേക്ക് ഇടിഞ്ഞു. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് നിരക്ക് ഇടിയുന്നുണ്ടെങ്കിലും രാജ്യത്തെ പെട്രോള്‍ നിരക്കുകളില്‍ എണ്ണക്കമ്പനികള്‍ മാറ്റം വരുത്തിയിട്ടില്ല. ഇന്ത്യയില്‍ ഡീസല്‍ വില കുറഞ്ഞിട്ടുണ്ട്. രണ്ടു ദിവസത്തിനിടെ ഡീസല്‍ വിലയില്‍ എണ്ണക്കമ്പനികള്‍ 42 പൈസയുടെ കുറവ് വരുത്തി. ജൂലൈ 15 നാണ് അവസാനമായി ഡീസല്‍ വില കൂട്ടിയത്. 33 ദിവസത്തിന് ശേഷമാണ് നിരക്ക് കുറച്ചത്. എന്നാല്‍ പെട്രോള്‍ വിലയില്‍ മാറ്റമില്ല.