ന്യൂഡല്‍ഹി: കോവിഡ്-19 വായുവില്‍ കൂടി പകരുക എന്ന് പറഞ്ഞാല്‍ അത് അഞ്ചാംപനിപോലെയുള്ള വൈറസുകള്‍ വായുവില്‍ കൂടി പകരുന്ന രീതിയിലുള്ളത് എന്ന് അര്‍ഥമാക്കേണ്ടതില്ലെന്ന് ലോകാരോഗ്യ സംഘടന ചീഫ് സയന്റിസ്റ്റ് ഡോ. സൗമ്യ സ്വാമിനാഥന്‍. എല്ലായിടത്തും ഇങ്ങനെ സംഭവിക്കില്ലെന്നും പ്രത്യേക ഇടങ്ങളില്‍ ചില സാഹചര്യങ്ങളില്‍ മാത്രമാണ് ഈയൊരു രീതിയിലുള്ള രോഗപ്പകര്‍ച്ച ഉണ്ടാവുകയെന്നാണ് ഇവര്‍ പറയുന്നത്. എയ്റോസോള്‍ മുഖേനെ മാത്രമേ വായുവില്‍കൂടി കോവിഡ് രോഗപ്പകര്‍ച്ചയുണ്ടാകുവെന്ന് ഡോ. സൗമ്യ സ്വാമിനാഥന്‍ പറയുന്നു.
ചുമക്കുക, തുമ്മുക ഉറക്കെ സംസാരിക്കുക തുടങ്ങിയ പോലുള്ളവ ചെയ്യുമ്പോള്‍ പുറത്തുവരുന്ന സ്രവകണങ്ങള്‍ വലുതായിരിക്കും. ഇവയ്ക്ക് പരമാധി രണ്ടുമീറ്ററുകള്‍ക്കപ്പുറത്തേക്ക് പോകാന്‍ സാധിക്കില്ല. ഭാരക്കൂടുതല്‍ ഉള്ളതിനാല്‍ ഗുരുത്വാകര്‍ഷണത്തിന്റെ ഫലമായി ഇവ താഴേക്ക് പതിക്കും. ഇതുകൊണ്ടാണ് ആളുകള്‍ ഇത്രയകലം പാലിച്ച് നില്‍ക്കണമെന്ന് നിര്‍ദ്ദേശിക്കുന്നത്. എന്നാല്‍ അഞ്ച് മൈക്രോണില്‍ താഴെയുള്ള സ്രവകണങ്ങള്‍ ആണ് പുറത്തുവരുന്നതെങ്കില്‍ അവയെ എയ്റോ സോളുകള്‍ എന്നാണ് പറയുക. ഭാരക്കുറവ് കാരണം ഇവ വായുവില്‍ കൂടുതല്‍ നേരം തങ്ങിനില്‍ക്കും. മാത്രമല്ല ചെറിയ കാറ്റോ മറ്റോ ഉണ്ടായാല്‍ അവ മറ്റൊരിടത്തേക്ക് മാറിപ്പോവുകയും ചെയ്യും. 10 മുതല്‍ 15 മിനിറ്റുകള്‍ വരെ വായുവില്‍ ഇവ തങ്ങിനില്‍ക്കാന്‍ സാധ്യതയുണ്ട്. ഈ സമയത്തിനിടയില്‍ ഇവ ആരെങ്കിലും ശ്വസിക്കുന്നതിലൂടെ ഉള്ളിലെത്തിയാല്‍ അവര്‍ക്കും രോഗം വരാന്‍ സാധ്യതയുണ്ട്. അതുകൊണ്ടാണ് കോവിഡ്-19 വായുവില്‍കൂടി പകരുമെന്ന് പറയുന്നതെന്നും ഡോയ സൗമ്യ സ്വാമിനാഥന്‍ വ്യക്തമാക്കുന്നു.
ഒരു മുറിയിലോ മറ്റോ ഉള്ളവരില്‍ നിന്ന് മറ്റൊരാളിലേക്ക് ഇങ്ങനെ പകരാം. അതുപോലെ ആശുപത്രികള്‍ക്കുള്ളിലും ഇങ്ങിനെ സംഭവിക്കാം. ഇങ്ങനെ സംഭവിക്കില്ലെന്ന് ഞങ്ങള്‍ ഒരിക്കലും പറഞ്ഞിട്ടില്ല. അതിനര്‍ഥം ഇത് വായുവില്‍ കൂടി പകരുന്ന സാംക്രമിക രോഗമാണെന്നല്ല. അഞ്ചാംപനി പോലെ ഇവയും വായുവില്‍ കൂടി പകരുന്നവയായിരുന്നുവെങ്കില്‍ ഇപ്പോള്‍ തന്നെ അത് എല്ലാവരിലും ബാധിച്ചുകഴിഞ്ഞേനേയെന്ന് ഡോ. സൗമ്യ സ്വാമിനാഥന്‍ വിശദീകരിക്കുന്നു.