വാഷിങ്ടന്‍: തെരഞ്ഞെടുപ്പു പ്രചാരണത്തില്‍ കോവിഡ് ഭേദമായെന്നു പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ട്രംപ് കോവിഡ് മുക്തനായെന്നും തുടര്‍ച്ചയായ പരിശോധന ഫലം നെഗറ്റീവാണെന്നും വൈറ്റ് ഹൗസിലെ ഡോക്ടര്‍മാര്‍ അറിയിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഫ്‌ലോറിഡയിലേക്കു യാത്ര തിരിക്കുന്നതിനിടെയാണു ട്രംപ് കോവിഡ് മുക്തനായെന്ന വാര്‍ത്ത പുറത്തു വരുന്നത്. ട്രംപിനു കോവിഡ് സ്ഥിരീകരിച്ച് പത്താം ദിവസമാണ് അദ്ദേഹം കോവിഡ് മുക്തനായെന്നു ഡോക്ടര്‍മാര്‍ സ്ഥിരീകരിക്കുന്നത്.
തുടര്‍ച്ചയായ ദിവസങ്ങളില്‍ നടത്തിയ റാപിഡ് ടെസ്റ്റിന്റെ അടിസ്ഥാനത്തില്‍ മാത്രമല്ല മറ്റ് ഘടകങ്ങളും കണക്കിലെടുത്താണ് അദ്ദേഹത്തെ രോഗമുക്തനായി പ്രഖ്യാപിച്ചതെന്നും അദ്ദേഹത്തില്‍ നിന്നു രോഗ വ്യാപനത്തിനുള്ള സാധ്യതയില്ലെന്നും ഡോക്ടര്‍മാര്‍ പ്രതികരിച്ചു. പൂര്‍ണമായും താന്‍ രോഗമുക്തനായെന്നും കൂടുതല്‍ ശക്തി തോന്നുന്നുവെന്നും തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ട്രംപ് പറഞ്ഞു.
വൈറ്റ് ഹൗസില്‍ കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പു സമ്മേളനം സംഘടിപ്പിച്ചിരുന്നു. ഏബ്രഹാം ലിങ്കണു ശേഷം കറുത്തവര്‍ഗക്കാര്‍ക്കു വേണ്ടി കൂടുതല്‍ നല്ല കാര്യങ്ങള്‍ ചെയ്ത അമേരിക്കന്‍ പ്രസിഡന്റ് താനാണെന്നു ട്രംപ് പറഞ്ഞു.