കോവിഡ് വ്യാപനം; ഇനി ഉപദേശമില്ല, പിഴയടക്കം കര്‍ശന നടപടിയിലേയ്ക്ക്: ഡി.ജി.പി

DGP Loknath Behera

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം കൂടുകയും ജനങ്ങളുടെ ജാഗ്രത കുറയുകയും ചെയ്യുന്നതിനാല്‍ കര്‍ശന നടപടികളുമായി കേരളാ പൊലീസ്. കോവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിക്കുകയാണെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്‌റ പറഞ്ഞു.

ജനങ്ങള്‍ സാമൂഹ്യ അകലം പാലിക്കുന്നില്ല. പലരും മാസ്ക് പോലും ധരിക്കുന്നില്ല.ഇനി ഇക്കാര്യത്തില്‍ ഉപദേശമില്ലെന്നും പിഴയടക്കം കര്‍ശന നടപടിയിലേക്ക് നീങ്ങുകയാണണെന്നും ഡി.ജി.പി വ്യക്തമാക്കി. പൊലീസ് പരിശോധന കടുപ്പിക്കുന്നത് സാമൂഹിക അകലം ഉറപ്പാക്കാനാണെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടിയ സാഹചര്യത്തില്‍ ആറുജില്ലകള്‍ കേന്ദ്രീകരിച്ച് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയെന്നും അദ്ദേഹം അറിയിച്ചു.

കടകളിലടക്കം ജീവനക്കാരുടെ എണ്ണത്തില്‍ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ഇക്കാര്യത്തില്‍ പൊലീസ് ഇടപെടലുണ്ടാകുമെന്നും അദേഹം പറഞ്ഞു.

സംസ്ഥാനത്തെ 90 ശതമാനം പൊലീസുകാരെയും കൊവിഡ് ഡ്യൂട്ടിക്കായി നിയോഗിക്കുകയാണ് ഇപ്പോള്‍. ക്വാറന്റീനില്‍ പോയ ഉദ്യോഗസ്ഥരൊഴികെ എല്ലാവരും അതാത് ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് കീഴില്‍ റിപ്പോര്‍ട്ട് ചെയ്യാനാണ് നിര്‍ദേശിച്ചിരിക്കുന്നതെന്നും ബെഹ്റ വ്യക്തമാക്കി.

രോഗികളുടെ എണ്ണം കൂടിയതിനാല്‍ കര്‍ശന നിയന്ത്രണങ്ങള്‍ തിരികെ കൊണ്ട് വരികയാണെന്നും, കണ്ടെയ്ന്‍മെന്റ് സോണുകളിലടക്കം കര്‍ശനമായി നിയന്ത്രണങ്ങള്‍ നടപ്പാക്കുമെന്നും ഡി.ജി.പി പറഞ്ഞു.

Top