കൊവിഡ്; അന്തര്‍സംസ്ഥാന ചെക്ക് പോസ്റ്റുകളില്‍ പരിശോധന ശക്തമാക്കി കേരളം

വയനാട് : കൊവിഡ് അതിതീവ്ര വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അന്തര്‍സംസ്ഥാന ചെക്ക് പോസ്റ്റുകളില്‍ പരിശോധന ശക്തമാക്കി കേരളം. കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന വയനാട്ടിലെ എല്ലാ ചെക്ക് പോസ്റ്റുകളിലും കൂടുതല്‍ ഉദ്യോഗസ്ഥരെ നിയോഗിക്കും. അതിര്‍ത്തി ഗ്രാമങ്ങളിലെ തൊഴിലാളികള്‍ക്കും കര്‍ഷകര്‍ക്കും ഇളവ് നല്‍കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

കൊവിഡിന്റെ മൂന്നാം തരംഗത്തില്‍ വയനാട്ടിലെ അതിര്‍ത്തി ചെക്ക്‌പോസ്റ്റുകളില്‍ നിയന്ത്രണം കടുപ്പിക്കാന്‍ ഒരുങ്ങുകയാണ് ജില്ലാ ഭരണകൂടം. അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് കടക്കാന്‍ ആര്‍ടിപിസിആര്‍ അല്ലെങ്കില്‍ ഡബിള്‍ ഡോസ് വാക്‌സിന്‍ നിര്‍ബന്ധമാണ്.

ചെക്ക്‌പോസ്റ്റുകളില്‍ ഡ്യൂട്ടിയെടുക്കുന്ന ജീവനക്കാര്‍ ജോലി കൃത്യമായി നിര്‍വഹിക്കുന്നുണ്ടോയെന്ന് ബന്ധപ്പെട്ട തഹസില്‍ദാര്‍ ഉറപ്പാക്കണം. ചെക്ക്‌പോസ്റ്റുകളിലെ പൊലീസ് സേവനം ജില്ല പൊലീസ് മേധാവിയുടെ മേല്‍നോട്ടത്തില്‍ വിലയിരുത്തും.

കര്‍ണാടക അതിര്‍ത്തികളായ ബാവലി, മുത്തങ്ങ, തോല്‍പ്പെട്ടി ചെക്ക്‌പോസ്റ്റുകളില്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ ഉദ്യോഗസ്ഥരെ നിയോഗിക്കും. അതിര്‍ത്തി കടന്ന് ദിവസവും ജോലിക്ക് പോകുന്നവര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും യാത്ര പാസ് നല്‍കുന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല.

വയനാടുമായി അതിര്‍ത്തി പങ്കിടുന്ന കര്‍ണാടകയിലെ ജില്ലകളിലും കൊവിഡ് വ്യാപനം തീവ്രമാണ്. വയനാട്ടിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കടക്കം അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് നൂറുകണക്കിന് ആളുകള്‍ ദിവസവുമെത്തുന്നുണ്ട്.

Top