തിരുവനന്തപുരം: തിരുവനന്തപുരത്തും എറണാകുളത്തും വയോജന ഹോമുകളില്‍ നിരവധി പേര്‍ രോഗബാധിതരായ സാഹചര്യത്തില്‍ ഇത്തരം ഇടങ്ങളില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു.
സര്‍ക്കാര്‍, സ്വകാര്യ ഹോമുകളില്‍ താമസിക്കുന്നവര്‍ കോവിഡ് കാലത്ത് പുറത്ത് പോകരുതെന്നും പുറത്ത് നിന്നും ആരെയും ഹോമില്‍ പ്രവേശിപ്പക്കരുതെന്നും സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇത് ലംഘിച്ച് തിരുവനന്തപുരത്തേയും എറണാകുളത്തേയും സ്വകാര്യ ഹോമുകളിലെ ആളുകള്‍ പുറത്ത് നിന്നും വന്നതാണ് അവിടങ്ങളില്‍ രോഗ വ്യാപനത്തിന് കാരണമായതെന്ന് മന്ത്രി വ്യക്തമാക്കി.
കോവിഡ് ബാധിച്ചാല്‍ വളരെ പെട്ടെന്ന് ഗുരുതരാവസ്ഥയില്‍ പോകുന്നവരാണ് വയോജനങ്ങള്‍. മാത്രമല്ല അവരില്‍ പലരും വിവിധ രോഗങ്ങള്‍ക്ക് മരുന്ന് കഴിക്കുന്നവരാണ്. ഇത് മുന്നില്‍ കണ്ടാണ് ഇവര്‍ക്കായി റിവേഴ്സ് ക്വാറന്റൈന്‍ നടപ്പാക്കുന്നത്. മാത്രമല്ല സാമൂഹ്യനീതി വകുപ്പ് വയോജന സംരക്ഷണത്തിനായി നിരവധി പദ്ധതികളും നടപ്പിലാക്കി വരുന്നുണ്ട് – ആരോഗ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.