ഹരിദ്വാറില്‍ നടക്കുന്ന മഹാകുംഭമേളയ്ക്ക് 375 കോടി രൂപ അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: ഹരിദ്വാറില്‍ വച്ച് നടക്കുന്ന മഹാകുംഭമേളയ്ക്ക് 375 കോടി രൂപ അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍. 2021ല്‍ ഹരിദ്വാറില്‍ നടക്കുന്ന കുംഭമേള നടത്തിപ്പിനായാണ് ധനമന്ത്രാലയം ഇത്രയും തുക അനുവദിച്ചത്.

കുംഭമേളയ്ക്ക് സഹായം നല്‍കണമെന്ന് അഭ്യര്‍ത്ഥിച്ച് ഉത്തരാഖണ്ഡ് സര്‍ക്കാര്‍ നേരത്തേ കേന്ദ്രസര്‍ക്കാരിന് കത്തയച്ചിരുന്നു. ഇതിനെത്തുടര്‍ന്നാണ് ഇത്രയും തുക അനുവദിച്ചത്.

മഹാകുംഭമേളയില്‍ ഏകദേശം പതിനഞ്ച് കോടി ജനങ്ങള്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.ഇന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഹരീഷ് റാവത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കുഭംമേള നടത്തുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അദ്ദേഹം പ്രധാനമന്ത്രിയോട് വിശദീകരിച്ചു. റോഡുകള്‍, വൈദ്യുതി, ജലവിതരണം, മെഡിക്കല്‍ സൗകര്യങ്ങള്‍, മാലിന്യനിര്‍മ്മാര്‍ജ്ജനം തുടങ്ങി അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കുന്നതിനായാണ് ഈ തുക ചെലവഴിക്കുക.

അതേസമയം, കേന്ദ്രത്തിന്റെ നടപടിക്കെതിരെ വ്യാപകവിമര്‍ശനമാണ് ഉയരുന്നത്. എന്നാല്‍ പണം അനുവദിച്ചതില്‍ അസ്വാഭാവികത ഇല്ലെന്നും എല്ലായ്‌പ്പോഴും കുംഭമേളയ്ക്ക് പണം അനുവദിക്കാറുണ്ടെന്നുമാണ് കേന്ദ്രവുമായി ബന്ധപ്പെട്ടവര്‍ പറയുന്നത്.

Top