തിരുവനന്തപുരം: കോവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തില്‍ തലസ്ഥാനത്ത് ലോക്ഡൗണ്‍ റദ്ദാക്കാന്‍ സാധിക്കില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. നിയന്ത്രണങ്ങള്‍ തുടരുമെങ്കിലും ജനജീവിതം സുഗമമാക്കുന്നതിനായുള്ള ഇളവുകളും ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
വൈകുന്നേരം ചീഫ് സെക്രട്ടറിയുമായി നടക്കുന്ന ചര്‍ച്ചയ്ക്ക് ശേഷമായിരിക്കും ലോക്ഡൗണ്‍ ഇളവുകള്‍ സംബന്ധിച്ച അന്തിമ തീരുമാനം ഉണ്ടാവുകയെന്നും ലോക്ഡൗണ്‍ അവസാനിപ്പിക്കാന്‍ കഴിയുന്ന സാഹചര്യമാണ് ജില്ലയിലെന്ന് കരുതുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ചീഫ് സെക്രട്ടറിയുടെ സാന്നിധ്യത്തില്‍ ഉന്നതതല യോഗം ചേരുന്നുണ്ട്. ആ യോഗത്തില്‍ തിരുവനന്തപുരത്തിന്റെ പൊതുവായ സാഹചര്യത്തെ വിലയിരുത്തിക്കൊണ്ട് ഇക്കാര്യത്തില്‍ ഒരു തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
കണ്ടെയിന്‍മെന്റ് സോണുകളില്‍ ശക്തമായ രക്ഷാ നടപടികള്‍ സ്വീകരിക്കുകയം അതേസമയം കണ്ടെയിന്‍മെന്റ് സോണുകള്‍ അല്ലാത്ത പ്രദേശങ്ങളില്‍ ജനജീവിതം സാധാരണ ഗതിയിലാക്കാന്‍ സഹായകമാകുന്ന ഇളവുകള്‍ നല്‍കാന്‍ സാധിക്കുകയും വേണമെന്നും ഇക്കാര്യങ്ങളെക്കുറിച്ചെല്ലാം ചര്‍ച്ചയില്‍ ധാരണയായിട്ടുണ്ടെന്നും ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും വൈകിട്ട് ചീഫ് സെക്രട്ടറിയുമായുള്ള ചര്‍ച്ച നടക്കുക എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.