ചെന്നൈ: കോവിഡ് ബാധിതരുടെ എണ്ണം ഉയരുന്ന സാഹചര്യത്തിൽ തീവ്രബാധിത ജില്ലകളിൽ ലോക്ക്ഡൗൺ ജൂൺ 30 വരെ നീട്ടി തമിഴ്‌നാട് സർക്കാർ. മറ്റ് ജില്ലകളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചിട്ടുമുണ്ട്.
അതേസമയം പൊതുഗതാഗത സംവിധാനങ്ങൾ 50% പുന:സ്ഥാപിക്കാനുമാണ് തമിഴ്‌നാട് സർക്കാർ ഒരുങ്ങുന്നത്. പൊതുഗതാഗത സംവിധാനങ്ങളിൽ 60% ആളുകളെ വഹിച്ച് കൊണ്ടുള്ള യാത്രയ്ക്കാണ് അനുമതി. അതേസമയം ചെന്നൈ, കാഞ്ചീപുരം, തിരുവള്ളൂർ, ചെങ്കൽപേട്ട് എന്നിവിടങ്ങളിൽ പൊതുഗതാഗത സംവിധാനം മറ്റു സ്ഥലങ്ങളിലേത് പോലെ പുനഃസ്ഥാപിക്കില്ല.
അനുമതിയുള്ള മേഖലകളിൽ യാത്ര ചെയ്യാൻ ഇ പാസിന്റെ ആവശ്യകതയുണ്ടായിരിക്കില്ല.എന്നാൽ അന്തർസംസ്ഥാന ബസുകൾക്ക് നിലവിൽ അനുമതി ഇല്ല. ഇവയ്ക്ക് ഇ പാസുണ്ടെങ്കിൽ മാത്രമേ സർവ്വീസ് നടത്താനാകൂ.
ചെന്നൈയിൽ കണ്ടെയ്ൻമെന്റ് സോൺ ഒഴികെയുള്ള ഇടങ്ങളിൽ വലിയ കടകൾ തുറക്കാനും അനുമതി നൽകിയിട്ടുണ്ട്.
ജൂൺ എട്ട് മുതൽ ഹോട്ടലുകളിൽ ഭക്ഷണം വിളമ്പാൻ അനുമതി നൽകിയിട്ടുണ്ട്. ഓട്ടോറിക്ഷാ സർവ്വീസിനും പ്രവർത്തനാനുമതി ലഭിച്ചു.
50% തൊഴിലാളികളെ വെച്ച് ഇനി എല്ലാ സ്വകാര്യ കമ്പനികൾക്കും പ്രവർത്തനമാരംഭിക്കാവുന്നതാണ്. മാളുകൾ ഒഴികെയുള്ള ഷോപ്പിങ് സെന്ററുകൾ, ഷോപ്പിങ്ങ് കോംപ്ലക്സ് എന്നിവയ്ക്കും 50% തൊഴിലാളികളെ വെച്ച് പ്രവർത്തനം തുടങ്ങാം. പക്ഷെ ഒരേ സമയം അഞ്ച് ഉപഭോക്താക്കൾക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ.
തമിഴ്‌നാട്ടിൽ കോവിഡ് ബാധിതരുടെ എണ്ണത്തിൽ വൻ വർധനയാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 938 പേർക്കാണ് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രോഗബാധിതരുടെ എണ്ണം 21,184 ആയി.
ചെന്നൈയിൽ മാത്രം ഇന്നലെ 616 പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ ചെന്നൈയിലെ രോഗബാധിതരുടെ എണ്ണം 13,980 ആയി ഉയർന്നു.
കന്യാകുമാരി, തേനി, തെങ്കാശി അതിർത്തി ജില്ലകളിലും രോഗബാധിതരുടെ എണ്ണം കൂടിയിട്ടുണ്ട്. തമിഴ്‌നാട്ടിൽ ഇന്നലെ ആറ് പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. സംസ്ഥാനത്ത് ഇതുവരെ 160 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.