കോവിഡ്; യുപിയില്‍ മലയാളി നഴ്‌സ് ചികിത്സ കിട്ടാതെ മരിച്ചു

ലഖ്‌നൗ: ഗ്രേറ്റ് നോയിഡയില്‍ മലയാളി നഴ്‌സ് കോവിഡ് ബാധിച്ച് മരിച്ചു. കൊല്ലം നെട്ടയം അമ്പലംകുന്നം സ്വദേശിനി രഞ്ചുവാണ് മരിച്ചത്. മതിയായ ചികിത്സ കിട്ടാതെയാണ് രഞ്ചു മരിച്ചതെന്ന് ബന്ധുക്കള്‍ അരോപിച്ചു. കഴിഞ്ഞ മാസമാണ് രഞ്ചു യു.പിയില്‍ നഴ്‌സായി ജോലിയില്‍ പ്രവേശിച്ചത്. കോവിഡ് പോസിറ്റീവായതോടെ ഏപ്രില്‍ 17ന് ജോലി ചെയ്യുന്ന അതേ ആശുപത്രിയില്‍ തന്നെ ചികിത്സ തേടി. പിന്നീട് കോവിഡ് നെഗറ്റീവായെങ്കിലും ന്യുമോണിയ ബാധയെ തുടര്‍ന്ന് ആരോഗ്യസ്ഥിതി മോശമായി. ബുധനാഴ്ച വൈകീട്ടോടെയാണ് മരണം സംഭവിക്കുകയായിരുന്നു.

ആശുപത്രിയില്‍ പ്രവേശിപ്പിച്ച ആദ്യദിവസം മരുന്ന് നല്‍കിയതിന് ശേഷം മൂന്ന് ദിവസം കഴിഞ്ഞാണ് ഡോക്ടര്‍ പരിശോധയ്ക്കായി എത്തിയതെന്നും കൃത്യമായ ചികിത്സ ലഭിക്കുന്നില്ലെന്നും രഞ്ചു സഹോദരിക്ക് അയച്ച വാട്‌സാപ്പ് സന്ദേശത്തില്‍ പറയുന്നു.

നാട്ടിലെത്തിക്കണമെന്നും ചികിത്സ നാട്ടില്‍ മതിയെന്നും മുഖ്യമന്ത്രിയെ കാര്യങ്ങള്‍ അറിയിക്കണമെന്നും മരണത്തിന് മുമ്പ് രഞ്ചു ആവശ്യപ്പെട്ടിരുന്നു. ഇനി ഒരു നഴ്‌സിനും ഈ അവസ്ഥയുണ്ടാകരുത്. എങ്ങനെയെങ്കിലും സഹോദരിയുടെ മൃതദേഹം നാട്ടിലെത്തിക്കണമെന്ന അഭ്യര്‍ഥനയാണ് തങ്ങള്‍ക്കുള്ളതെന്നും സഹോദരി പറഞ്ഞു.

 

Top