ന്യൂഡല്‍ഹി: ഇന്ത്യയില്‍ കോവിഡ് മരണ നിരക്ക് കുറയുന്നുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. നിലവില്‍ 2.49 ശതമാനമാണ് രാജ്യത്തെ മരണനിരക്ക്. ഇത് ലോകത്തിലെ തന്നെ ഏറ്റവും കുറഞ്ഞ മരണനിരക്കുകളില്‍ ഒന്നാണ്. രോഗബാധിതര്‍ക്ക് ആശുപത്രികളില്‍ ലഭിക്കുന്ന മികച്ച ചികിത്സയാണ് ഇതിന് കാരണമെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.
29 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും മരണ നിരക്ക് ദേശീയ ശരാശരിയേക്കാള്‍ കുറവാണ്. ഇതില്‍ മണിപ്പുര്‍, നാഗാലാന്‍ഡ്, സിക്കിം, മിസോറം, ആന്റമാന്‍-നിക്കോബാര്‍ ദ്വീപുകള്‍ എന്നിവിടങ്ങളില്‍ മരണനിരക്ക് പൂജ്യമാണ്. കേരളം, ത്രിപുര, അസം എന്നിവയടക്കം 14 സംസ്ഥാനങ്ങളില്‍ മരണനിരക്ക് ഒരു ശതമാനത്തില്‍ താഴെയാണെന്നും മന്ത്രാലയം വ്യക്തമാക്കി.
നേരത്തെ 2.82 ശതമാനമായിരുന്ന ഇന്ത്യയിലെ കോവിഡ് മരണനിരക്ക് കഴിഞ്ഞ മാസത്തോടെ 2.72 ശതമാനമായി കുറഞ്ഞു. ജൂലായ് 10 ഓടെ അത് വീണ്ടും 2.49 ശതമാനമായി കുറഞ്ഞു. കാര്യക്ഷമമായ കണ്ടെയ്ന്‍മെന്റ് നടപടികള്‍, വ്യാപകമായ പരിശോധന, സമഗ്രവും നിലവാരം ഉറപ്പുവരുത്തിക്കൊണ്ടുള്ളതുമായ ചികിത്സാ പദ്ധതികള്‍ എന്നിവ ഉറപ്പാക്കിയതുമൂലമാണ് മരണനിരക്ക് ഇത്രയധികം കുറയ്ക്കാനായത്.
മൊബൈല്‍ ആപ്പുകള്‍ അടക്കമുള്ള സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്തി അതീവ അപകടസാധ്യതയുള്ള വിഭാഗങ്ങളെ നിരന്തരമായി നിരീക്ഷിക്കുകയും അത് രോഗം നേരത്തെ തിരിച്ചറിയാന്‍ സഹായിക്കുകയും ചെയ്തു. ഇത് യഥാസമയത്ത് ചികിത്സ നല്‍കാനും മരണനിരക്ക് കുറയ്ക്കാന്‍ സഹായിച്ചെന്നും മന്ത്രാലയം വ്യക്തമാക്കി.