കോവിഡ്; സൗജന്യ റേഷന്‍ പാവപ്പെട്ടവര്‍ക്ക് സഹായകമായെന്ന് മോദി

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് പ്രതിസന്ധിയില്‍ പൗരന്മാര്‍ക്ക് സാധ്യമായ സഹായങ്ങള്‍ നല്‍കാന്‍ സര്‍ക്കാര്‍ എല്ലാ ശ്രമവും നടത്തുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന പ്രകാരം ലക്ഷക്കണക്കിന് കുടുംബങ്ങള്‍ക്ക് സൗജന്യ റേഷന്‍ വിതരണം ചെയ്യുന്നുണ്ടെന്നും കോവിഡ് സമയത്ത് പാവപ്പെട്ടവരുടെ ആശങ്ക കുറക്കാന്‍ ഇത് സഹായിച്ചുവെന്നും മോദി പറഞ്ഞു.

പദ്ധതിയെക്കുറിച്ച് കൂടുതല്‍ അവബോധം സൃഷ്ടിക്കുന്നതിനായി ഗുജറാത്തില്‍ പൊതുപങ്കാളിത്ത പരിപാടി ആരംഭിക്കുകയാണെന്ന് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞു.

സ്വാതന്ത്ര്യാനന്തരം മിക്കവാറും എല്ലാ സര്‍ക്കാരുകളും കുറഞ്ഞ വിലയ്ക്ക് ഭക്ഷണസാധനങ്ങള്‍ ലഭ്യമാക്കുന്നതിനേക്കുറിച്ച് സംസാരിച്ചിരുന്നതായി പ്രധാനമന്ത്രി പറഞ്ഞു. കുറഞ്ഞ വിലക്കുള്ള റേഷന്റെ വിതരണവും ഇതിനായുള്ള ബജറ്റ് വിഹിതവും ഈ കാലത്ത് വര്‍ധിച്ചു. പക്ഷേ അതിന്റെ ഫലപ്രാപ്തി പരിമിതമായി തുടര്‍ന്നു. ഫലപ്രദമായ വിതരണ സംവിധാനത്തിന്റെ അഭാവമായിരുന്നു ഇതിന് കാരണം.

ഈ സാഹചര്യങ്ങള്‍ മാറ്റാനുള്ള പ്രവര്‍ത്തനങ്ങള്‍ 2014ല്‍ ആരംഭിച്ചു. കോടിക്കണക്കിന് വ്യാജ ഗുണഭോക്താക്കളെ പദ്ധതിയില്‍ നിന്ന് ഒഴിവാക്കി. റേഷന്‍ കാര്‍ഡുകളെ ആധാറുമായി ബന്ധിപ്പിക്കുകയും റേഷന്‍ കടകളില്‍ ഡിജിറ്റല്‍ സാങ്കേതിക വിദ്യകള്‍ ഏര്‍പ്പെടുത്തുകയും ചെയ്തു. പകര്‍ച്ചവ്യാധി സമയത്ത് പോലും ആരും ഒഴിഞ്ഞ വയറ്റുമായി ഉറങ്ങുന്നില്ലെന്ന് പുതിയ പദ്ധതി ഉറപ്പാക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

 

Top