കേരളത്തില്‍ നിന്നുള്ളവര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി കൂടുതല്‍ സംസ്ഥാനങ്ങള്‍

ചെന്നൈ: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കേരളത്തില്‍ നിന്നുള്ളവര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി കൂടുതല്‍ സംസ്ഥാനങ്ങള്‍. തമിഴ്നാടും പശ്ചിമബംഗാളുമാണ് പുതുതായി നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളത്. കേരളം, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്ന് വരുന്ന യാത്രക്കാര്‍ക്ക് തമിഴ്നാട് ഏഴ് ദിവസത്തെ നിര്‍ബന്ധിത ഹോംക്വാറന്റീന്‍ ഏര്‍പ്പെടുത്തി. കൂടാതെ ഏഴ് ദിവസം സ്വയം നിരീക്ഷണത്തിലും കഴിയണം.

മറ്റുള്ള സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവര്‍ 14 ദിവസം സ്വയം നിരീക്ഷണത്തില്‍ കഴിഞ്ഞാല്‍ മതി. രോഗലക്ഷണങ്ങള്‍ കാണുന്നവര്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും തമിഴ്നാട് ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. പശ്ചിമ ബംഗാള്‍ കേരളമടക്കം നാല് സംസ്ഥാനങ്ങള്‍ക്കാണ് നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുള്ളത്. കേരളം, തെലങ്കാന, കര്‍ണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്ന് ബംഗാളിലെത്തുന്നവര്‍ കോവിഡ് നെഗറ്റീവ് ആര്‍ടി-പിസിആര്‍ പരിശോധ ഫലം ഹാജരാക്കണമെന്നാണ് നിര്‍ദേശം. 72 മണിക്കൂറിനടയില്‍ നടത്തിയ പരിശോധന ഫലമാണ് യാത്രക്കാര്‍ ഹാജരാക്കേണ്ടത്. ശനിയാഴ്ച മുതല്‍ നിയന്ത്രണം പ്രാബല്യത്തില്‍ വരും.

മഹാരാഷ്ട്രയില്‍ നിന്നുള്ളവര്‍ക്കും കേരളത്തില്‍ നിന്നുള്ളവര്‍ക്കും കര്‍ണാടകയും ഡല്‍ഹിയും നേരത്തെ ആര്‍ടി-പിസിആര്‍ നെഗറ്റീവ് പരിശോധന ഫലം നിര്‍ബന്ധമാക്കിയിരുന്നു. മഹാരാഷ്ട്രയില്‍ കഴിഞ്ഞ നാല് മാസത്തിനിടെ ഏറ്റവും ഉയര്‍ന്ന പ്രതിദിന കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 8807 പേര്‍ക്കാണ് ബുധനാഴ്ച മഹാരാഷ്ട്രയില്‍ കോവിഡ് സ്ഥിരീകരിച്ചത്. കേരളത്തില്‍ 4106 പേര്‍ക്കാണ് 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത്.

Top