ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഒരു മലയാളി നഴ്‌സിന് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ വൈറസ് ബാധിച്ച മലയാളി നഴ്സുമാരുടെ എണ്ണം ഡല്‍ഹിയില്‍ പത്തായി.
നേരത്തെ ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഒന്‍പത് മലയാളി നഴ്‌സുമാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഡല്‍ഹിയില്‍ മാത്രം 26 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിരവധി നഴ്സുമാര്‍ നിരീക്ഷണത്തില്‍ തുടരുകയാണ്.ഇവരുടെ പരിശോധനാഫലം ലഭിച്ചെങ്കില്‍ മാത്രമെ കൂടുതല്‍ നഴ്സുമാര്‍ വൈറസ് ബാധിതരായോ എന്ന കാര്യം സ്ഥിരീകരിക്കാനാകൂ.കൂടുതല്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത് രാജ്യത്ത് വലിയ പ്രതിസന്ധിയുണ്ടാക്കുന്നുണ്ട്.
ഇതിനിടയില്‍ രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന മലയാളി നഴ്‌സുമാര്‍ക്ക് മതിയായ പരിചരണം കിട്ടുന്നില്ലെന്ന പരാതിയുയരുന്നുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി നേരത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് കത്തയച്ചിരുന്നു.
അതേ സമയം രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 5000 കടന്നു. പുതിയ കണക്കുകളനുസരിച്ച് രോഗബാധിതരുടെ എണ്ണം 5194 ആയി.കഴിഞ്ഞ 24 മണിക്കൂറുകള്‍ക്കുള്ളില്‍ 773 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 10 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഇതുവരെ 149 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചത്.