കൊവിഡ് ഭീതി; വീട്ടിലേക്ക് പ്രവേശിക്കുന്നതിന് നാട്ടുകാര്‍ തടഞ്ഞ കുടുംബം കഴിഞ്ഞത് ശ്മശാനത്തില്‍

കൊല്‍ക്കത്ത: കൊവിഡ് ഭീതിയെ തുടര്‍ന്ന് നാട്ടുകാര്‍ വീട്ടിലേക്ക് പ്രവേശിപ്പിക്കാത്തതിനാല്‍ ഡല്‍ഹിയില്‍ നിന്ന് മടങ്ങിയെത്തിയ കുടുംബത്തിന് രാത്രി മുഴുവന്‍ കഴിയേണ്ടി വന്നത് ശ്മശാനത്തില്‍. പശ്ചിമ ബംഗാളിലെ ഹൗറയിലാണ് സംഭവം. കഴിഞ്ഞ വെള്ളിയാഴ്ചയാണ് രാജധാനി എക്‌സ്പ്രസില്‍ ഇരുവരും ഡല്‍ഹിയില്‍ നിന്ന് കൊല്‍ക്കത്തയിലെത്തിയത്.

മോഹ്വായുടെ ഭര്‍ത്താവ് കുറച്ചു വര്‍ഷങ്ങള്‍ക്ക് മുമ്പാണ് മരിച്ചതാണ്. ഡല്‍ഹിയില്‍ സ്വര്‍ണ്ണവ്യാപാരം നടത്തുന്ന മകനുമൊപ്പമായിരുന്നു കഴിഞ്ഞിരുന്നത്. എന്നാല്‍ ലോക്ക്ഡൗണിന് പിന്നാലെ വ്യാപാരം നഷ്ടത്തിലായതോടെ നാട്ടിലേക്ക് മടങ്ങാന്‍ തീരുമാനിക്കുകയായിരുന്നു. മോഹ്വായുടെ പിതാവിന്റെ വീട്ടിലേക്കാണ് ഇവര്‍ മടങ്ങിയെത്തിയത്. പക്ഷെ ഇവിടെയെത്തിയപ്പോള്‍ വീട്ടിലേക്ക് കടത്താതെ നാട്ടുകാര്‍ തടയുകയായിരുന്നുവെന്ന് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

സംഘടിച്ചെത്തിയ ആളുകളെ പറഞ്ഞ് മനസിലാക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതോടെ ഇരുവരും സഹര്‍പുരിലുള്ള ഇവരുടെ തന്നെ മറ്റൊരു വീട്ടിലേക്ക് പോയി. എന്നാലും ഇവിടെയും പ്രദേശവാസികള്‍ എതിര്‍പ്പുമായി എത്തുകയായിരുന്നു. രാത്രി കഴിച്ചു കൂട്ടാന്‍ വേറെ സ്ഥലം ഒന്നും ലഭിക്കാത്തതിനെ തുടര്‍ന്ന് മോഹ്വായും മകനും അടുത്തുള്ള ബസുദേബ്പുര്‍ അഗുന്‍ഖല്ലി ശ്മശാനത്തിലെ ഒരു മുറിയില്‍ രാത്രി കഴിച്ചു കൂട്ടുകയായിരുന്നു. ദഹിപ്പിക്കാനെത്തിക്കുന്ന മൃതദേഹങ്ങള്‍ മോശം കാലാവസ്ഥ വരുമ്പോള്‍ സൂക്ഷിക്കുന്നതായിരുന്നു ഈ മുറി. മോഹ്വായുടെ അച്ഛനും സഹോദരനും ഇവര്‍ക്കൊപ്പം ഇവിടെത്തന്നെ തങ്ങി.

Top