ചെന്നൈയില്‍ മരിച്ച പരപ്പനങ്ങാടി സ്വദേശിയുടെ മൃതദേഹം സംസ്‌കരിച്ചു

പരപ്പനങ്ങാടി: ചെന്നൈയില്‍ മരിച്ച പരപ്പനങ്ങാടി സ്വദേശിയുടെ മൃതദേഹം സംസ്‌കരിച്ചു. ചെന്നൈ സെന്‍ട്രല്‍ പാരിസ് മന്നടിയില്‍ ജോലി ചെയ്തിരുന്ന പരപ്പനങ്ങാടി മുറിക്കല്‍ റോഡില്‍ താമസിക്കുന്ന നാറക്കകത്ത് വലിയപീടിയേക്കല്‍ സൈതലവിയെ (55)ആണ് മരിച്ചത്.

കഴിഞ്ഞ ദിവസമാണ് ഇദ്ദേഹത്തെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രമേഹരോഗത്തിന് ചികിത്സയിലിരുന്ന ഇദ്ദേഹത്തിന്റെ മൃതദേഹം നാട്ടിലെത്തിക്കാന്‍ ശ്രമം നടന്നെങ്കിലും കോവിഡ് ബാധിച്ചാണ് മരണമെന്ന് മലയാളി സംഘടന പ്രചരിപ്പിച്ചതോടെ പരിശോധന ഫലമില്ലാതെ വിട്ടുനല്‍കില്ലെന്ന് അധികൃതര്‍ നിലപാടെടുക്കുകയായിരുന്നു.

പരിശോധഫലം ലഭിച്ച് വൈറസ് ബാധയില്ലെന്ന് വ്യക്തമായിട്ടും പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് വിമുഖത കാണിച്ചതിനെ തുടര്‍ന്ന് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ ചെന്നൈ ഹാര്‍ബര്‍ ബി. വണ്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധിച്ചിരുന്നു.

പിന്നീട് നാട്ടിലെ ബന്ധുക്കളുടെ സമ്മതപത്രം വേണമെന്നായി പൊലീസ്. സമ്മതപത്രം നല്‍കിയെങ്കിലും പോസ്റ്റ്മോര്‍ട്ടം ചെയ്യാതെ വിട്ട് തരാനാവില്ലന്നായിരുന്നു പൊലീസിന്റെ മറുപടി.

പിന്നീട് നിശ്ചിതത്വത്തിനൊടുവിലാണ് മൃതദേഹം വിട്ട് നല്‍കുകയും ചെന്നൈ സെന്‍ട്രല്‍ ജില്ല എസ്.ഡി.പി.ഐ സംഘം വണ്ണാറപെട്ടി ഖബര്‍സ്ഥാനില്‍ സംസ്‌കരിക്കുകയും ചെയ്തു.

Top