തിരുവനന്തപുരം : തിരുവനന്തപുരത്ത് കോവിഡ് ബാധിതനെ പുഴുവരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയ്ക്ക് വിധേയനായ കോവിഡ് രോഗി വീട്ടിൽ മടങ്ങിയെത്തിയത് പുഴുവരിച്ച നിലയിലായിരുന്നു . സംഭവത്തിൽ അയാളുടെ ബന്ധുക്കൾ ആരോഗ്യമന്ത്രിക്ക് പരാതി നൽകി. വട്ടിയൂർക്കാവ് സ്വദേശി അനിൽകുമാറിനെയാണ് പുഴുവരിച്ച നിലയിൽ കണ്ടെത്തിയത്.
ഓഗസ്റ്റ് 21 ന് അനിൽകുമാർ പണി കഴിഞ്ഞ് മടങ്ങിവരും വഴി തെന്നി വീണ് പരിക്കേറ്റിരുന്നു. ആദ്യം പേരൂർക്കട ആശുപത്രിയിലെത്തിച്ച അനിൽകുമാറിനെ 22 ന് പുലർച്ചെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. അനികുമാറിന്റെ ശരീരത്തിൽ തളർച്ച ബാധിച്ചിരുന്നു. ഈ മാസം ആറിനാണ് അനിൽകുമാറിന് കോവിഡ് സ്ഥിരീകരിച്ചത്. ഇതേതുടർന്ന് ഒപ്പമുണ്ടായിരുന്ന ബന്ധുക്കളോട് ക്വാറന്റീനിൽ പോകാൻ നിർദേശിച്ചു.
പിന്നീട് 26ന് അനിൽകുമാറിന് കോവിഡ് നെഗറ്റീവായി. തുടർന്ന് വീട്ടിൽ എത്തിച്ചപ്പോഴാണ് ശരീരമാസകലം പുഴുവരിച്ച നിലയിൽ കണ്ടത്. സംഭവത്തിൽ അനിൽകുമാറിന്റെ ബന്ധുക്കൾ ആരോഗ്യമന്ത്രിക്ക് പരാതി നൽകി.