കോട്ടയം: ആറന്മുളയില്‍ ആംബുലന്‍സ് ഡ്രൈവറില്‍നിന്ന് പീഡനം നേരിട്ട കോവിഡ് ബാധിത ആത്മഹത്യക്ക് ശ്രമിച്ചു. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കൊറോണ ചികിത്സ മുറിയിലാണ് യുവതി ആത്മഹത്യചെയ്യാന്‍ ശ്രമിച്ചത്. നഴ്സുമാരും ആശുപത്രി സുരക്ഷ ജീവനക്കാരും സമയത്ത് ഇടപെട്ടതിനെ തുടര്‍ന്ന് ജീവന്‍ രക്ഷിക്കാനായി.വ്യാഴാഴ്ച ഉച്ചക്കു ശേഷമാണ് സംഭവം നടന്നത്.
ഉച്ചഭക്ഷണം കഴിച്ചശേഷം കുളിമുറിയിലേക്ക് പോയ പെണ്‍കുട്ടി പുറത്തു വരാന്‍ വൈകിയതിനെ തുടര്‍ന്ന് നഴ്സുമാര്‍ വാതില്‍ തുറക്കാന്‍ ശ്രമിച്ചു. പെണ്‍കുട്ടി വാതില്‍ തുറക്കാതായതോടെ സുരക്ഷാജീവനക്കാര്‍ വാതില്‍ തകര്‍ത്ത് അകത്തുകയറിയപ്പോഴാണ് ആത്മഹത്യക്ക് ശ്രമിച്ച നിലയില്‍ പെണ്‍കുട്ടിയെ കണ്ടത്.
ഒരാഴ്ച മുമ്പാണ് പെണ്‍കുട്ടി ആംബുലന്‍സ് ഡ്രൈവറില്‍ നിന്നും ലൈംഗിക അതിക്രമത്തിന് വിധേയായത്. കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ ആംബുലന്‍സ് ഡ്രൈവര്‍ വഴിയില്‍ വച്ച് പെണ്‍കുട്ടിയെ ആക്രമിക്കുകയായിരുന്നു. ആദ്യം പത്തനംതിട്ട ആശുപത്രിയില്‍ ആയിരുന്ന പെണ്‍കുട്ടിയെ പിന്നീടാണ് കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്.