രാജ്യത്ത് 75 ലക്ഷം പിന്നിട്ട് കോവിഡ് രോഗികൾ; പ്രതിദിന കണക്കിൽ നേരിയ ആശ്വാസം

ന്യൂഡൽഹി : രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 75 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 55,755 പേര്‍ക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ ഇന്ത്യയില്‍ ആകെ രോഗികളുടെ എണ്ണം 75,50,273 ആയി. കോവിഡ് ബാധിതരുടെ പ്രതിദിന കണക്കെടുക്കുമ്പോൾ നേരിയ കുറവ് വന്നിരിക്കുന്നത് ആശ്വാസകരമാണ്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 11,256 പേരുടെ കുറവാണ് പ്രതിദിനരോഗികളുടെ എണ്ണത്തില്‍ രേഖപ്പെടുത്തിയത്.

നിലവിൽ ചികിത്സയിലുള്ളത് 7,72,055 പേരാണ്. 66,399 പേരാണ് ഇരുപത്തിനാല് മണിക്കൂറിനിടെ രോഗമുക്തി നേടിയത്. രാജ്യത്ത് 66,63,608 പേര്‍ക്ക് രോഗം ഭേദമായി. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയില്‍ മരണനിരക്ക് കുറവാണ്. 579 പേരുടെ കൂടി മരണം രേഖപ്പെടുത്തിയതോടെ ആകെ മരിച്ചവരുടെ എണ്ണം 1,14,610 ആയി. 39.8 ദശലക്ഷം പേര്‍ക്കാണ് ലോകത്താകമാനം ഇതുവരെ രോഗം ബാധിച്ചത്. അതേസമയം ആഗോളതലത്തില്‍ രോഗികളുടെ എണ്ണം 40 ദശലക്ഷത്തോടടുക്കുന്നു.

Top