സൗദി അറേബ്യയില്‍ കൊവിഡ് രോഗികള്‍ കുറയുന്നു

റിയാദ്: സൗദി അറേബ്യയില്‍ കൊവിഡ് ബാധിച്ചുകഴിയുന്ന ആളുകളുടെ എണ്ണം വീണ്ടും കുറഞ്ഞു. ഇന്ന് 1,011 പേര്‍ കൂടി സുഖപ്പെടുകയും 604 പുതിയ കേസുകള്‍ മാത്രം റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്ത സാഹചര്യത്തില്‍ രാജ്യത്താകെ അസുഖ ബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 6,649 ആയി കുറഞ്ഞു. ഇതില്‍ 1,332 പേരുടെ നില ഗുരുതരമാണ്. ഇവര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്.

അതേസമയം രാജ്യത്തെ കൊവിഡ് മരണനിരക്കും കുറഞ്ഞു. രാജ്യമാകെ കഴിഞ്ഞ 24 മണിക്കൂറിനിടെ ഏഴ് മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചതെന്ന് സൗദി ആരോഗ്യമന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. രാജ്യത്ത് ഇന്ന് 78,416 ആര്‍.ടി പി.സി.ആര്‍ പരിശോധനകള്‍ നടന്നു. ഇതുവരെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആകെ കൊവിഡ് കേസുകളുടെ എണ്ണം 5,39,129 ആയി. ഇതില്‍ 5,24,061 പേര്‍ രോഗമുക്തരായി. ആകെ മരണസംഖ്യ 8,419 ആണ്.

രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 97.1 ശതമാനമായി ഉയര്‍ന്നു. മരണനിരക്ക് 1.6 ശതമാനമായി തുടരുന്നു.

Top