പ്രതിദിനം കോവിഡ് രോഗികള്‍ കൂടുന്നു; ആശങ്കയോടെ കേരളം

തിരുവനന്തപുരം: കേരളത്തില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധന. ഇന്നലെ സ്ഥിരീകരിച്ച 62 പേരില്‍ 13 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണു രോഗം പടര്‍ന്നത്. ഇവരില്‍ 7 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. സംസ്ഥാനത്ത് പ്രതിദിന കേസുകള്‍ 50 കടക്കുന്നത് ഇത് ആദ്യമായാണ്.

മറ്റു സംസ്ഥാനങ്ങളില്‍ നിന്നു വന്ന 31 പേര്‍ക്കും വിദേശത്തു നിന്നു വന്ന 18 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. കൊല്ലം, കോട്ടയം, കാസര്‍കോട് ജില്ലകളില്‍ നിന്നുള്ള ഓരോരുത്തര്‍ രോഗമുക്തരായി. പാലക്കാട് (19),കണ്ണൂര്‍ (16),മലപ്പുറം (8),ആലപ്പുഴ (5),കോഴിക്കോട് (4),കാസര്‍കോട് (4),കൊല്ലം (3),കോട്ടയം (2), വയനാട് (1) എന്നിങ്ങനെയാണ് കോവിഡ് ബാധിച്ചവരുടെ എണ്ണം.

അതേസമയം, പാലക്കാട് ജില്ലയില്‍ നാളെ മുതല്‍ നിരോധനാജ്ഞ. കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ നാളെ മുതല്‍ ഈ മാസം 31 വരെ പാലക്കാട് ജില്ലയില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചത്.

കോവിഡ് ഹോട്‌സ്‌പോട്ടുകളിലെ എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷാകേന്ദ്രങ്ങള്‍ പുറത്തേക്കു മാറ്റേണ്ടെന്നു തീരുമാനം. ഹോട്‌സ്‌പോട്ടുകള്‍ ദിവസേന മാറി മറിയുന്ന സാഹചര്യത്തിലാണിത്. കുട്ടികളെ അവിടെത്തന്നെ പ്രത്യേക ക്രമീകരണങ്ങളോടെ പരീക്ഷ എഴുതിക്കും.

ആരോഗ്യ വകുപ്പ് ഇതു സംബന്ധിച്ച് ഉത്തരവ് ഇറക്കി. ഇന്നലെ പുതുതായി 9 ഹോട്‌സ്‌പോട്ടുകള്‍ പ്രഖ്യാപിച്ചു. നിലവില്‍ സംസ്ഥാനത്താകെ 37 ഹോട്‌സ്പോട്ടുകളുണ്ട്.സ്‌കൂളുകളിലേക്ക് 2.5 കോടി രൂപ ചെലവില്‍ വാങ്ങിയ 5000 തെര്‍മല്‍ സ്‌കാനറുകള്‍ ഡിഇഒ ഓഫിസുകളില്‍ എത്തിച്ചു. അധ്യാപകര്‍ക്കുള്ള ഗ്ലൗസ് അടുത്ത ദിവസം തന്നെ സ്‌കൂളുകളിലെത്തിക്കും.

Top