ന്യൂഡല്‍ഹി: വിവിധ സംസ്ഥാനങ്ങളില്‍ കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുകയാണ്. തമിഴ്നാട്ടില്‍ 1982 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 18 പേരാണ് കൊവിഡ് രോഗം ബാധിച്ച് തമിഴ്‌നാട്ടില്‍ മരിച്ചത്.
ചെന്നൈയില്‍ മാത്രം ഇന്ന് 1479 പേര്‍ക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചു. ഇതോടെ തമിഴ്‌നാട്ടിലെ രോഗബാധിതരുടെ ആകെ എണ്ണം 40698 ആയി ഉയര്‍ന്നു. ആകെ മരണസംഖ്യ 367 ആണ്. ഇന്ന് മരിച്ചവരില്‍ 15 പേരും ചെന്നൈയിലായിരുന്നു. ചെന്നൈയില്‍ കൂടുതല്‍ മേഖലകളില്‍ പുതിയ രോഗികളെ കണ്ടെത്തിയതോടെ ഭീതി ഉയര്‍ന്നു.
അതേസമയം, മഹാരാഷ്ട്രയില്‍ വൈറസ് ബാധിതരുടെ എണ്ണം ലക്ഷം കടന്നു. ഇന്ന് മാത്രം 3493 പേര്‍ക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികള്‍ 101141 ആയി. ഇന്ന് മാത്രം 127 പേരുടെ മരണമാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. ആകെ മരണം 3717 ആയി. നിലവില്‍ 49616 പേര്‍ ചികിത്സയില്‍ കഴിയുന്നുണ്ട്.
കര്‍ണാടകത്തില്‍ ഇന്ന് 271 പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഏഴ് പേര്‍ 24 മണിക്കൂറിനിടെ മരിച്ചു. സംസ്ഥാനത്തെ അകെ കൊവിഡ് ബാധിതര്‍ 6516 ആയി. ചികിത്സയില്‍ ഉള്ളവരുടെ എണ്ണം 2995 ആണ്.
ഡല്‍ഹിയിലെ സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെയില്‍ 2137 കേസുകളാണ് ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതാദ്യമായാണ് ഒരു ദിവസത്തെ കോവിഡ് രോഗികളുടെ എണ്ണം രണ്ടായിരം കടക്കുന്നത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 36824 ആയി. 71 രോഗികള്‍ കൂടി മരിച്ചതോടെ ആകെ മരണം 1214 ആയി. 13398 പേര്‍ക്കാണ് ഇതുവരെ രോഗം ഭേദമായത്.
അതേസമയം ഗുജറാത്തില്‍ ഇന്ന് 495 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതോടെ ആകെ രോഗികളുടെ എണ്ണം 22,562 ആയി. ഇന്ന് മാത്രം 31 പേര്‍ വൈറസ് ബാധയേറ്റ് മരിച്ചു. ആകെ 1,416 പേരാണ് ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചത്.