കോവിഡ് രോഗികള്‍ കൂടുന്നു; പരിശോധന കുറയ്ക്കാന്‍ തീരുമാനിച്ച് തെലുങ്കാന സര്‍ക്കാര്‍

ഹൈദരാബാദ്: ദ്രുതഗതിയിലുള്ള പരിശോധന കോവിഡ് കേസുകളുടെ എണ്ണത്തില്‍ വര്‍ധനയ്ക്കു കാരണമായതിനാല്‍ പരിശോധനകള്‍ കുറയ്ക്കാന്‍ തെലങ്കാന സര്‍ക്കാര്‍. പരിശോധന കൂടിയതിനാല്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ സംസ്ഥാനത്തെ കേസുകള്‍ മൂന്നിരട്ടിയായിരുന്നു. പ്രകടമായ രോഗലക്ഷണങ്ങളില്ലാത്തവരുടെ പരിശോധന ഒഴിവാക്കാന്‍ സ്വകാര്യ ലാബുകളോടും ആവശ്യപ്പെട്ടു.

ഉയര്‍ന്ന അപകടസാധ്യതയുള്ള മേഖലകളില്‍ എന്തുകൊണ്ട് പരിശോധനകള്‍ നടത്തുന്നില്ലെന്ന് മേയ് 27ന് തെലങ്കാന ഹൈക്കോടതി സര്‍ക്കാരിനോട് ചോദിച്ചിരുന്നു. സര്‍ക്കാര്‍ ആശുപത്രികളില്‍ മരിച്ചവരെയെല്ലാം പരിശോധിക്കാനും നിര്‍ദേശിച്ചു. കോടതിയുടെ നിര്‍ദേശത്തിനു പിന്നാലെ, 10 ദിവസത്തിനുള്ളില്‍ 50,000 പരിശോധനകള്‍ നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു.

സംസ്ഥാനത്തെ ആകെ കേസുകളുടെ എണ്ണം 16,339 ഉം മരണസംഖ്യ 260 ഉം ആണ്. ഇതുവരെ 7294 പേര്‍ രോഗമുക്തരായി. 8785 പേര്‍ ചികിത്സയിലാണ്. മൊത്തം 88,563 സാംപിളുകള്‍ പരിശോധിച്ചു. മെഡിക്കല്‍ സ്റ്റാഫ്, ആരോഗ്യ, ശുചീകരണ തൊഴിലാളികള്‍ എന്നിവരില്‍ എല്ലാ ദിവസവും പരിശോധനകള്‍ നടത്തുന്നുണ്ടെന്ന് ആരോഗ്യമന്ത്രി എടെല രാജേന്ദര്‍ പറഞ്ഞു. മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി അവലോകന യോഗം ചേര്‍ന്ന ആരോഗ്യമന്ത്രി, ജില്ലകളിലെ എല്ലാ മെഡിക്കല്‍ കോളജുകള്‍ക്കും ആവശ്യമെങ്കില്‍ കോവിഡ് രോഗികളെ പ്രവേശിപ്പിക്കാന്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ചെയ്യണമെന്നു നിര്‍ദേശിച്ചു.

Top