കോഴിക്കോട്: പൊലീസിനും ഓഫീസ് ജീവനക്കാരനും കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ കോഴിക്കോട് റൂറല്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് ഓഫീസ് അടച്ചു. ഡി വൈഎസ്പി അടക്കമുള്ള ഉദ്യോഗസ്ഥര്‍ ക്വാറന്റൈനിലാണ്. ജില്ലയില്‍ മൂന്ന് പ്രദേശങ്ങളെ വലിയ കൊവിഡ് ക്ലസ്റ്ററുകളായി പ്രഖ്യാപിച്ചു. രോഗ വ്യാപനം കൂടിയതിനാല്‍ പ്രതിരോധത്തിന്റെ ഭാഗമായാണ് ക്ലസ്റ്ററുകളാക്കിയത്. പള്ളിക്കണ്ടി, വെള്ളയില്‍, തിരുവള്ളൂര്‍ എന്നീ പ്രദേശങ്ങളെയാണ് വലിയ ക്ലസ്റ്ററുകളായി പ്രഖ്യാപിച്ചത്.
ജില്ലയിലെ ക്ലസ്റ്ററുകളില്‍ ഏറ്റവും കൂടുതല്‍ പേര്‍ ചികിത്സയില്‍ ഉള്ളത് പള്ളിക്കണ്ടിയിലാണ്. ഇവിടെ അറുപത് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതില്‍ 37 പേര്‍ ചികിത്സയിലാണ്. വെള്ളയില്‍ ക്ലസ്റ്ററില്‍ 60 പേരില്‍ 34 പേരും തിരുവള്ളൂരില്‍ 62ല്‍ 20 പേരും ചികിത്സയിലാണ്. ഈ പ്രദേശങ്ങളില്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ കൊവിഡ് പരിശോധനകള്‍ നടത്തും. പുതുപ്പാടി ക്ലസ്റ്റര്‍ ഉള്‍പ്പെടുന്ന വാര്‍ഡുകളില്‍ രോഗികള്‍ കുറഞ്ഞതിനെ തുടര്‍ന്ന് ക്ലസ്റ്ററില്‍ നിന്ന് ഒഴിവാക്കി.