ഷിംല: കോവിഡ് പരിശോധനയില്‍ ഒരു ഗ്രാമത്തിലെ ഒരാളൊഴികെ എല്ലാവരും പോസിറ്റീവ്. ഹിമാചല്‍ പ്രദേശിലെ ലാഹോല്‍-സ്പിതി ജില്ലയിലെ വിദൂര ഗ്രാമമായ തൊരംഗിലെ ഭൂഷണ്‍ താക്കൂറാണ് കോവിഡ് ബാധയില്‍ നിന്ന് രക്ഷപ്പെട്ടത്. മറ്റുള്ളവരേക്കാള്‍ ഉയര്‍ന്ന പ്രതിരോധശേഷി കാരണമല്ല മറിച്ച് അടിസ്ഥാനപ്രതിരോധമാര്‍ഗങ്ങള്‍ കൃത്യമായി പിന്തുടര്‍ന്നതാണ് ഈ 52കാരനെ വൈറസില്‍ നിന്ന് അകറ്റി നിര്‍ത്തിയത്.
പൂജ്യം ഡിഗ്രി സെല്‍ഷ്യസിനേക്കാള്‍ താഴ്ന്ന താപനിലയാണ് ഇപ്പോള്‍ തൊരംഗില്‍. ഗ്രാമത്തില്‍ കോവിഡ് പരിശോധനയ്ക്ക് വിധേരായ 42 പേരില്‍ 41 പേര്‍ക്കും രോഗം ബാധിച്ചപ്പോള്‍ ഭൂഷണില്‍ നിന്ന് മാത്രം വൈറസ് അകന്നു നിന്നു. മാസ്‌ക് ധരിക്കുന്നതും സാനിറ്റൈസറിന്റെ ഉപയോഗവും സാമൂഹികാകലം പാലിക്കുന്നതും തന്നെ കോവിഡില്‍ നിന്ന് സംരക്ഷിച്ചതായി ഭൂഷണ്‍ സാക്ഷ്യപ്പെടുത്തുന്നു.
ഭൂഷണിന്റെ കുടുംബത്തില്‍ ആറ് പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. അവരില്‍ നിന്ന് മാറി മറ്റൊരു മുറിയിലാണ് ഭൂഷണ്‍ കഴിഞ്ഞത്. സ്വന്തമായി ഭക്ഷണം പാകം ചെയ്ത് കഴിക്കുകയും ചെയ്തു. പ്രദേശത്തെ തണുപ്പാണ് കോവിഡ് പകരാന്‍ പ്രധാനകാരണമെന്ന് ഭൂഷണ്‍ പറയുന്നു. തണുപ്പ് വര്‍ധിക്കുമ്പോള്‍ അതിനെ പ്രതിരോധിക്കാന്‍ ആളുകള്‍ കൂട്ടമായി തീകായുകയും ഒരേ മുറിയില്‍ തങ്ങുകയും ചെയ്യുന്നത് വൈറസ് പകരാനിടയാക്കുമെന്ന് ഭൂഷണ്‍ കൂട്ടിച്ചേര്‍ത്തു.
ഗ്രാമത്തിലെ ആകെ ജനസംഖ്യ 160 ആണ്. താപനില കുറയുമ്പോള്‍ ആളുകള്‍ മറ്റ് ഗ്രാമങ്ങളിലേക്ക് മാറിത്താമസിക്കുകയാണ് പതിവ്. കുറേ പേര്‍ ഗ്രാമം വിട്ടു പോയതിന് ശേഷം അവശേഷിച്ച 42 പേര്‍ക്കാണ് നവംബര്‍ 13 ന് കോവിഡ് പരിശോധന നടത്തിയത്. അതില്‍ 41 പേരും പോസിറ്റീവായി.