കൊല്ലത്ത് കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്കും പൊലീസുകാരനും കോവിഡ്

കൊല്ലം: കൊല്ലത്ത് കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്കും ഒരു പൊലീസുകാരനും കോവിഡ് സ്ഥിരീകരിച്ചു. കൊല്ലത്ത് ചടയമംഗലം ഡിപ്പോയിലെ നിലമേല്‍ സ്വദേശിയായ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 18-ാം തീയതിയാണ് അവസാനമായി ഇയാള്‍ ഡിപ്പോയില്‍ എത്തിയത്. പിന്നീട് രോഗലക്ഷണങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്നാണ് പരിശോധന നടത്തുകയും കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തത്.

കണ്ടക്ടര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ചടയമംഗലം ഡിപ്പോ അടച്ചു. നിലമേല്‍ പ്രദേശം കണ്ടയ്ന്‍മെന്റ് സോണ്‍ ആയി പ്രഖ്യാപിച്ചിട്ടുണ്ട്. ഇദ്ദേഹവുമായി പ്രാഥമിക സമ്പര്‍ക്കത്തില്‍ ഉണ്ടായിരുന്ന 15 സഹപ്രവര്‍ത്തകരെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.

ആര്യങ്കാവ് ചെക്പോസ്റ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇരവിപുരം സ്വദേശിയാണ്. ആര്യങ്കാവ് ചെക്പോസ്റ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരെ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു.

Top