ന്യൂഡല്‍ഹി: സംസ്ഥാനത്തെ നിലവിലെ പശ്ചാത്തലത്തില്‍ ഈ വര്‍ഷത്തെ പാര്‍ട്ടി സമ്മേളനങ്ങള്‍ നടത്തുക ദുഷ്‌കരമെന്ന് സിപിഎം പൊളിറ്റ് ബ്യുറോ വിലയിരുത്തി. ഈ വിഷയത്തില്‍ തീരുമാനം കേന്ദ്ര കമ്മിറ്റിക്ക് വിടാനും ഇന്നലെയും ഇന്നുമായി ചേര്‍ന്ന പിബി യോഗം തീരുമാനിച്ചിരുന്നു. അടുത്തമാസം ചേരുന്ന കേന്ദ്ര കമ്മിറ്റി യോഗത്തില്‍ ഇത് സംബന്ധിച്ച് ചര്‍ച്ച ചെയ്യും.
പതിവില്‍ നിന്ന് വ്യത്യസ്തമായി വെര്‍ച്വല്‍ രീതിയില്‍ കേന്ദ്ര കമ്മിറ്റി യോഗം നടത്താനാണ് തീരുമാനം. കൊവിഡിനെതിരായ കേന്ദ്രസര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ പരാജയമാണെന്ന് വിലയിരുത്തിയ കേന്ദ്രകമ്മിറ്റി, ജൂണ്‍ 16 ന് ദേശവ്യാപക പ്രക്ഷോഭം നടത്താനും തീരുമാനിച്ചിട്ടുണ്ട്.കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ തുക നല്‍കണം. സാങ്കേതിക വിദ്യയുടെ പേരില്‍ വിദ്യാര്‍ത്ഥികളില്‍ വിഭജനം പാടില്ല. സാങ്കേതിക വിദ്യയ്ക്ക് പുറത്ത് നില്‍ക്കുന്നവരെ ഉള്‍ക്കൊള്ളാന്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ വലിയ പ്രത്യാഘാതം. പരമ്പരാഗത വിദ്യാഭ്യാസ സമ്പ്രദായത്തിനു പകരമാകരുത് ഡിജിറ്റല്‍ വിദ്യാഭ്യാസമെന്നും പിബി അഭിപ്രായപ്പെട്ടു.
കേന്ദ്ര സര്‍ക്കാറിന്റെ കൊവിഡ് പ്രതിരോധ പാക്കേജ് അപര്യാപ്തമാണ്. മഹാമാരിയുടെ പശ്ചാത്തലത്തില്‍ പാവപ്പെട്ട കുടുംബങ്ങള്‍ക്ക് ആറ് മാസത്തേക്ക് 7500 രൂപ വീതം കേന്ദ്രസര്‍ക്കാര്‍ ധനസഹായം നല്‍കണം. പത്ത് കിലോ ഭക്ഷ്യധാന്യം ഓരോ വ്യക്തിക്കും ആറ് മാസത്തേക്ക് നല്‍കണം. തൊഴിലില്ലായ്മ വേതനം നല്‍കണം, തൊഴിലുറപ്പ് പദ്ധതിയിലൂടെ 200 ദിവസം ജോലി ഉറപ്പാക്കണം. തൊഴില്‍ നിയമങ്ങള്‍ റദ്ദാക്കാനുള്ള നടപടികള്‍ നിര്‍ത്തിവയ്ക്കണം. സ്വകാര്യ വത്കരണം അവസാനിപ്പിക്കണം. പൊതുസ്വത്ത് കൊള്ളയടിക്കുന്നത് നിര്‍ത്തണം എന്നിങ്ങനെയാണ് ആവശ്യങ്ങള്‍.